മഹാരാജാസ് കോളേജ് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കെ.വിദ്യ ഒളിവില്‍ താമസിച്ചത് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ റോവിത് കുട്ടോത്തിന്റെ വീട്ടിലെന്ന് വിവരം. സി.പി.എം സൈബര്‍ പോരാളിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനുമാണ് റോവിത്. സി.പി.എം പ്രവര്‍ത്തകര്‍ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് വിവരം.
വിദ്യയുടെ റിമാന്റ് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നുത്. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ നിന്ന് പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യയ്ക്ക് പുറത്തു നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ കെ വിദ്യയെ 2 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മറ്റന്നാള്‍ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി പരിഗണിക്കും. താന്‍ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവര്‍ത്തിച്ചു. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നില്‍ അട്ടപ്പാടി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ആണെന്നും വിദ്യ പോലീസിനോട് പറഞ്ഞു.