X

മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പുരോഹിതന്റെ വീഡിയോ പങ്കുവെച്ചു; മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി പൊലീസ്

2022ല്‍ സുപ്രിം കോടതി ജാമ്യം അനുവദിക്കുകയും ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തതിന് പിന്നാലെ വീണ്ടും കോടതിയിലെത്തിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും ഫാക്ട് ചെക്കറും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്നാരോപിച്ച് യുപി പൊലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്യാന്‍ നടപടിയെടുത്തതിന് പിന്നാലെയാണ് വീണ്ടും സുബൈര്‍ കോടതിയെ സമീപിച്ചത്.

പുതിയ കേസില്‍ അലഹബാദ് കോടതി സുബൈറിന്റെ ഹരജി പരിഗണിക്കും. സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്, 7 വര്‍ഷം തടവോ ജീവപര്യന്തമോ കുറ്റം തെളിയിക്കപ്പെട്ടാല്‍ ലഭിച്ചേക്കാം. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു, താന്‍ ചെയ്യുന്ന ജോലി കാരണം തന്നെ ലക്ഷ്യം വെക്കുകയാണ് എന്നാണ് മുഹമ്മദ് സുബൈര്‍ പുതിയ കേസില്‍ പ്രതികരിച്ചത്.

വിദ്വേഷ പരാമര്‍ശം നടത്തിയ ഹിന്ദു പുരോഹിതന്റെ വീഡിയോ സുബൈര്‍ ഈയടുത്ത് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് പങ്കുവെച്ച വീഡിയോയില്‍ യതി നരസിംഹാനന്ദ് എന്ന പുരോഹിതന്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. യുപിയിലെ ദസ്ന ദേവി ക്ഷേത്രത്തിലെ പുരോഹിതന്‍ തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയും മുസ്ലിംകള്‍ക്കെതിരെ ആക്രമണ ആഹ്വാനങ്ങള്‍ നടത്തിയും കുപ്രസിദ്ധിയാര്‍ജിച്ച ആളാണ്. 2022ല്‍ പുരോഹിതനെ ഇസ്ലാമിനെതിരെ ഭയം പ്രചരിപ്പിച്ചതിനും സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയതിനും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

‘ബിജെപി സര്‍ക്കാരിനായി ഒറ്റയ്ക്ക് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയാണ്’ എന്ന അടിക്കുറിപ്പോടെ പുരോഹിതന്റെ പ്രവാചകനെതിരായ വീഡിയോ സുബൈര്‍ പങ്കുവെച്ചത്. സുബൈര്‍ വീഡിയോ പങ്കുവെച്ചതിന് ഒരു ദിവസത്തിന് ശേഷം ദസ്ന ദേവി ക്ഷേത്രത്തിന് പുറത്ത് ഇസ്ലാം വിശ്വാസികളുടെ പ്രതിഷേധം ആരങ്ങേറിയിരുന്നു. ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞു എന്ന പേരില്‍ പത്ത് പേരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മുസ്ലിം സംഘടനകള്‍ പുരോഹിതനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇതിനിടെ ഒളിവിലുള്ള പുരോഹിതനെ അറസ്റ്റ് ചെയ്തെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു.

ഇതിന് പിന്നാലെ സുബൈറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുരോഹിതന്റെ നിരവധി അനുയായികള്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ വളയുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ പുരോഹിതന് പിന്തുണയുമായി ബിജെപി നേതാവായ ഉദിത്യ ത്യാഗിയും രംഗത്തുവന്നു. ഇതോടെ സുബൈറിനെതിരെ കേസെടുക്കുകയായിരുന്നു.

തുടക്കത്തില്‍ സുബൈറിനെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നത്. രണ്ട് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, തെറ്റായ തെളിവ് പ്രചരിപ്പിച്ചു എന്നിവയായിരുന്നു ആദ്യത്തെ വകുപ്പുകള്‍. എന്നാല്‍ കഴിഞ്ഞയാഴ്ച ഭാരതീയ ന്യായ സംഹിതയുടെ 152ാം സെക്ഷന്‍ ഇതിലേക്ക് ചേര്‍ക്കുകയായിരുന്നു. ഇത് പ്രകാരം രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്ന് കേസാണ് സുബൈറിനെതിരെയുള്ളത്.

കേസ് പ്രകാരം സുബൈറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട് എന്നാല്‍ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈറിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചുകഴിഞ്ഞു. താന്‍ മാത്രമല്ല പുരോഹിതന്റെ വീഡിയോ പങ്കുവെച്ചത്. മറ്റ് ചാനലുകളും മാധ്യമപ്രവര്‍ത്തകരും ഇത് പങ്കുവെച്ചിട്ടുണ്ടെന്നും സുബൈര്‍ സംഭവത്തില്‍ പ്രതികരിച്ചു. തുടര്‍ച്ചയായി വിദ്വേഷ പ്രസംഗം നടത്തുന്ന ഒരാളുടെ അനുയായി നല്‍കിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെയല്ല അത് വാര്‍ത്തയാക്കുന്നവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ സ്വതന്ത്രമായി നടക്കുകയാണെന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിനെതിരെ സംസാരിക്കുന്നവരുടെ കഴുത്തിന് പിടിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സുബൈറിന്റെ വാര്‍ത്തകള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ളതിനാലാണ് സുബൈറിനെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് ആള്‍ട്ട് ന്വൂസിന്റെ സഹ സ്ഥാപകനായ പ്രാഥിക് സിന്‍ഹ പറഞ്ഞത്. വാര്‍ത്തയ്ക്ക് പകരം ദൂതനെ വെടിവെക്കുന്ന ഏര്‍പ്പാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് ആദ്യ കേസ് ചുമത്തിയതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇത്തരമൊരു ഗുരുതരമായ വകുപ്പ് ചുമത്തുന്നതെന്നും, നരസിംഹാനന്ദിന്റെ അനുയായികള്‍ മാത്രമല്ല ബിജെപി സര്‍ക്കാരും സുബൈറിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും സിന്‍ഹ പറഞ്ഞു.

1983 ല്‍ റിലീസായി ഹിന്ദി സിനിമയിലെ സ്‌ക്രീന്‍ഷോട്ട് 2018ല്‍ ഷെയര്‍ ചെയ്തതിന് ‘മതവികാരം വ്രണപ്പെടുത്തുന്നു’ എന്ന അവകാശപ്പെട്ട് 2022 ല്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത് വരെ തടവിലായിരുന്ന കാലയളവില്‍ ആറ് കേസുകളാണ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയത്.

കൊളോണില്‍ കാലത്തെ രാജ്യദ്രോഹ നിയമത്തിന്റെ പുതിയ പതിപ്പാണ് സെക്ഷന്‍ 152 എന്ന് സംഭവത്തില്‍ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക സംഘടനകളും വിഷയത്തില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും, ആക്ടിവിസ്റ്റുകളുടെയും, മാധ്യമപ്രവര്‍ത്തകരുടെയും സമൂഹത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുന്നവരുടെയും ആവിഷ്‌ക്കാര സ്വാതന്ത്രത്തെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഭരണകൂടം നിയമം ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ആംനെസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രതികരിച്ചു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, ഡിജിറ്റല്‍ മീഡിയ ഓര്‍ഗനൈസേഷന്‍ സംഘടനയായ ഡിജിപബ്ബ് എന്നിവരും കേസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.

webdesk13: