X

മോര്‍ഫിംഗ്, മുഖ്യ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

വടകര: മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷിനെ വടകര കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്ക് ഏറ്റുവാങ്ങിയ പോലീസ് ഇയാളെ തെളിവെടുപ്പിനായി പുതിയ സ്റ്റാന്‍ഡിനു സമീപത്തെ സദയം സ്റ്റുഡിയോയില്‍ എത്തിച്ചു. വനിതാ സിഐ ഭാനുമതിയുടെ നേതൃത്വത്തിലാണ് പ്രതിയെ സ്റ്റുഡിയോവില്‍ എത്തിച്ചത്. ഏകദേശം ഒരു മണിക്കൂറോളം തെളിവെടുത്തു. പ്രമാദമായ മോര്‍ഫിംഗ് കേസില്‍ ഇടുക്കിയില്‍ നിന്നു ബുധനാഴ്ച വെളുപ്പിനാണ് ബിബീഷ് പിടിയിലായത്. സദയം സ്റ്റുഡിയോവില്‍ എഡിറ്ററായിരുന്ന ബിബീഷാണ് സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീലചിത്രങ്ങളുമായി മോര്‍ഫ് ചെയ്തത്. സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരിയിലെ സതീശനും ദിനേശനും തൊട്ടില്‍പാലം കുണ്ടുതോടില്‍ നിന്നു പിടിയിലായ ശേഷം റിമാന്റില്‍ കഴിയുകയാണ്. പ്രതികള്‍ക്കെതിരെ വൈക്കിലശേരിയിലും പരിസരത്തും വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. ശക്തമായ നടപടി വേണമെന്ന ആവശ്യത്തിന്റെ തുടര്‍ച്ചയായാണ് പോലീസ് ജാഗ്രതയോടെ കേസ് അന്വേഷിച്ചതും പ്രധാന പ്രതികളെ പിടികൂടിയതും. ബിബീഷിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ സദയം സ്റ്റുഡിയോ പരിസരത്ത് വന്‍ജനാവലി തടിച്ചുകൂടി.

തെളിവെടുപ്പിനിടെ ബിബീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ചില ചതികള്‍ നടന്നിട്ടുണ്ടെന്നും അത് വഴിയെ തിരിച്ചറിയുമെന്നുമായിരുന്നു പ്രതികരണം.

അതേസമയം വിവാഹ ചടങ്ങിനെത്തിയ ആയിരത്തിലധികം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തതായി ബിബീഷ് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. തനിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അതൊന്നും ഭീഷണിപ്പെടുത്തിയും നഗ്‌നചിത്രങ്ങള്‍ കാണിച്ചും നേടിയതല്ല. അവരുടെകൂടി താല്‍പര്യത്തോടെയായിരുന്നു. സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനുള്ള തീരുമാനമാണ് സ്റ്റുഡിയോ ഉടമയെ പ്രകോപിപ്പിച്ചത്. അന്ന് മുതല്‍ വൈരാഗ്യം കൂടി. പലപ്പോഴും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പലര്‍ക്കും ഫോട്ടോ കിട്ടിയതെന്നും വിവാഹച്ചടങ്ങിനെത്തിയ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെട്ടുവെന്നത് പ്രചരണ തന്ത്രമായിരുന്നുവെന്നും ബിബീഷ് പറയുന്നു. എന്നാല്‍ ഫൊട്ടോ മോര്‍ഫിങിന് പിന്നില്‍ ബിബീഷിന് മാത്രം പങ്കെന്നാണ് സ്റ്റുഡിയോ ഉടമകളുടെ മൊഴി.

രണ്ട് വര്‍ഷത്തിനിടെ സ്വകാര്യ ഹാര്‍ഡ് ഡിസ്‌കില്‍ സ്ത്രീകളുടെ നാല്‍പതിനായിരത്തിലധികം ചിത്രങ്ങള്‍ ബിബീഷ് ശേഖരിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. ഇതില്‍ ആയിരത്തിലധികം മോര്‍ഫ് ചെയ്തതായും പൊലീസ് പറയുന്നു. നിരവധി വനിതകളുടെ അക്കൗണ്ടിലേക്ക് വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡി വഴി മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചു. ചിലരെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം നടത്തിതായും സൂചന ലഭിച്ചു. കണ്ടാല്‍ ഇഷ്ടപ്പെടുന്ന മുഴുവന്‍ സ്ത്രീകളെയും സ്വന്തമാക്കണമെന്ന മനോവൈകല്യമാണ് ബിബീഷിനെ ഫോട്ടോ മോര്‍ഫിങിന് പ്രേരിപ്പിച്ചത്.  രാജമുടിയിലെ റബര്‍ എസ്‌റ്റേറ്റിലെ ഒറ്റമുറി കെട്ടിടത്തില്‍ ഒളിച്ചു താമസിച്ചിരുന്ന ബിബീഷിനെ ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര പൊലീസ് പിടികൂടിയത്.

chandrika: