X

സൂമിനും ഗൂഗിള്‍ മീറ്റിനും പകരം ഇനി ‘വീ കണ്‍സോള്‍’; രാജ്യത്തിന് അഭിമാനമായിമാറിയ ആലപ്പുഴക്കാരന്‍ ജോയിയെ അറിയാം

കോഴിക്കോട്: സൂമിനും ഗൂഗിള്‍ മീറ്റിനും പകരം ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംങ് ടൂളായ ആപ്പ് വികസിപ്പിച്ചെടുത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളിയായ വി ജോയ് സെബാസ്റ്റിയന്‍. ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടീം ടെക്‌ജെന്‍ഷ്യയിലെ ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോളിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

ആലപ്പുഴയില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി മേധാവിയാണ് പാതിരപ്പള്ളി സ്വദേശി ജോയ് സെബാസ്റ്റിയന്‍. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വീ കണ്‍സോളിന്റെ വിജയം പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ കൈയൊപ്പ് പതിപ്പിച്ച ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത ആപ്പ് ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി മാറിയിരിക്കുകയാണ്.

മാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടിക്കാട് പള്ളിത്തയ്യില്‍ മത്സ്യതൊഴിലാളിയായിരുന്ന സെബാസ്റ്റ്യന്റേയും മേരിയുടേയും മകനാണ് ജോയി. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിലെ അധ്യപികയായ ലിന്‍സി ജോര്‍ജാണ് ഭാര്യ. വിദ്യാര്‍്ത്ഥികളായ അലന്‍ ബാസ്റ്റ്യനും, ജിയ എല്‌സയും മക്കളാണ്.
എം.സി.എ ബിരുദധാരിയായ ജോയി സെബാസ്റ്റിയന്‍ വര്‍ഷങ്ങളായി വീഡിയോ കോണ്‍ഫറന്‍സിംഗുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴയുമായി ബന്ധപ്പെട്ട എല്ലാ വികസന മേഖലയിലും ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കിവരുന്നിരുന്ന ടീം കൂടിയാണ് ജോയിയുടേത്. പ്രളയകാലത്ത് ആലപ്പുഴയിലേക്ക് വേണ്ടി നിരവധി സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിച്ചു നല്‍കിയ ടീം എല്ലാത്തിലും പൂര്‍ണ്ണ സന്നദ്ധരായിരുന്നു. സ്‌കൂള്‍ ഡിജിറ്റലൈസേഷനിലെ പരീക്ഷണങ്ങള്‍, ക്ലാസുകളിലെ ടെലികാസ്റ്റിംഗ് സ്റ്റുഡിയോയും പ്രാദേശിക സ്‌കൂള്‍ നെറ്റുവര്‍ക്കും ഇവര്‍ ഒരുക്കിയിരുന്നു. പ്രതിഭാതീരം പദ്ധതിയിലൂടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലേക്കും ചുവടുവച്ചു. ഒപ്പം ആലപ്പുഴ കളക്ടറേറ്റിലും ജോയിയുടെ പരീക്ഷണങ്ങളെത്തിയിട്ടുണ്ട്. സ്‌നേഹജാലകത്തിന്റെ ടെലിമെഡിസിന്‍ പരീക്ഷണങ്ങള്‍. പച്ചക്കറി അഗ്രിഗേഷനുള്ള ഐടി പ്ലാറ്റ്‌ഫോമുകള്‍. ആര്യാട് ബ്ലോക്കിലെ മുഴുവന്‍ പൗരന്‍മാരുടെയും ആരോഗ്യവിവര ഡിജിറ്റലൈസേഷന്‍. കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ സോഫ്ടുവെയര്‍. ആന്‍ഡ്രോയിഡ് രക്തദാന ഡയറക്ടറി. സ്വാതന്ത്ര്യസമര സേനാനികളുടെ ഡയറക്ടറി സോഫ്ടുവെയര്‍ തുടങ്ങി നരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളിലാണ് ജോയിയുടെ ടീം ഭാഗവാക്കായത്.

കൊല്ലം ടികെഎം കോളജില്‍ എംസിഎ കഴിഞ്ഞ ജോയി, കൊച്ചിയില്‍ ഒരു സോഫ്ട്വയര്‍ കമ്പനിയിലാണ് ജോലിയില്‍ തുടക്കം കുറിച്ചത്. 2000ല്‍ അവനീര്‍ എന്ന കമ്പനിയില്‍ ചേര്‍ന്ന ജോയി, അവനീറിന്റെ ഉടമയായ ജെയിംസിനു വേണ്ടി വീഡിയോ കോണ്‍ഫറന്‍സിംഗ് റിസര്‍ച്ച് ആന്‍ഡ് ഡെലവലപ്മെന്റ് ചെയ്താണ് 2009ല്‍ ടെക്ജെന്‍ഷ്യ ആരംഭിച്ചത്. പിന്നീട് യൂറോപ്പിലേയും യുഎസിലേയും ഏഷ്യയിലേയും പല കമ്പനികള്‍ക്കും വേണ്ടി വീഡിയോ കോണ്‍ഫറന്‍സ് ഡൊമൈനില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ടെക്ജെന്‍ഷ്യ ഏറ്റെടുത്തിരുന്നു. അപ്പോഴൊന്നും സ്വന്തമായി ഒരു ഉല്‍പന്നത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്ന് ജോയി പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചിനെ തുടര്‍ന്നാണ് ടെക്ജെന്‍ഷ്യ ആദ്യമായി സ്വന്തമായി ഒരു ഉല്‍പന്നം തയ്യാറാക്കുന്നത്. എന്നാല്‍ ആ നിര്‍മിതി ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തുകയായിരുന്നു.

‘മേക്ക് ഇന്‍ ഇന്ത്യ’ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രോഡക്ട് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചലഞ്ച് സംഘടിപ്പിച്ചത്. രണ്ടായിരത്തോളം കമ്പനികളാണ് ഇന്നവേഷന്‍ ചാലഞ്ചില്‍ പങ്കെടുത്തത്. ആദ്യ ഘട്ടത്തില്‍ 12 ടീമുകളെയാണ് തെരഞ്ഞെടുത്തത്. അതില്‍ നിന്നു 3 ടീമുകളാണ് അവസാന റൗണ്ടില്‍. കേരളത്തില്‍നിന്നുള്ള ഏകകമ്പനിയായിരുന്നു ടെക്‌ജെന്‍ഷ്യ. ഈ ചലഞ്ചിലാണ് ആലപ്പുഴക്കാരന്‍ അത്യുജ്വല നേട്ടം സ്വന്തമാക്കിയത്.

ആദ്യഘട്ടത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്ത് 12 കമ്പനികള്‍ക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നല്‍കിയിരുന്നു. അവര്‍ സമര്‍പ്പിച്ച പ്രോട്ടോടൈപ്പുകള്‍ വിലയിരുത്തി മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. പ്രോട്ടോടൈപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കമ്പനികളെ പിന്നീട് സോഫ്‌റ്റ്വെയര്‍ നിര്‍മ്മാണത്തിന് വിളിക്കുകയായിരുന്നു. ഈ കമ്പനികള്‍ക്ക് അന്തിമ ഉല്‍പന്നം വികസിപ്പിച്ചെടുക്കാനായി 20 ലക്ഷം രൂപ വീതവും നല്‍കി. ഇത്തരത്തില്‍ വികസിപ്പിച്ച ആപ്പുകള്‍ പരിശോധിച്ചാണ് വിദഗ്ദ്ധരടങ്ങിയ ജൂറി ടെക്ജെന്‍ഷ്യയെ തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനത്തെത്തിയ ജോയിയുടെ ടീം ടെക്‌ജെന്‍ഷ്യക്ക് ഒരു കോടിരൂപയും മൂന്നുവര്‍ഷത്തേക്കുള്ള കരാറുമാണ് സമ്മാനമായി ലഭിക്കുക.

വീഡിയോ കോളിങ് സംവിധാനത്തിനായി ആവശ്യത്തിന് പോലു ഇന്റര്‍നെറ്റ് വേഗമില്ലാത്ത ഇന്ത്യയില്‍ ആപ്പ് നിര്‍മാണം വലിയ ബുദ്ധിമുട്ടായിരുന്നു. നിര്‍മ്മാണം പൂര്‍്ത്തിയാക്കിയ ആപ്പ് സാധരണക്കാരിലെത്താന്‍ വലിയ മുടക്കുമുതലടക്കമുള്ള അടിസ്ഥാന സൗകര്യം വേണം. നിലവില്‍ അതിനുള്ള ശേഷിയില്ല. ഈ അവാര്‍ഡ് അതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ജോയ് സബാസ്റ്റിയന്‍ പ്രതികരിച്ചു.

 

chandrika: