X

മാര്‍സിലോയുടെ സൂപ്പര്‍ ഗോളില്‍ റയല്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ വലന്‍സിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി റയല്‍ മാഡ്രിഡ് വീണ്ടും തലപ്പത്തെത്തി. നാല് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ ബാര്‍സയുമായി കിരീടത്തിനായി ഇഞ്ചോടിഞ്ച് മത്സരിക്കുന്ന റയലിന് ആശ്വാസം നല്‍കുന്നതാണ് വലന്‍സിയക്കെതിരായ ജയം. ജയത്തോടെ 34 മത്സരങ്ങളില്‍ നിന്ന് 81 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചപ്പോള്‍ ഇത്ര തന്നെ മത്സരങ്ങളില്‍ 78 പോയിന്റുള്ള ബാഴ്‌സ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാത്രി വൈകി ബാര്‍സ കളിക്കുന്നുണ്ട്. 27-ാം മിനിറ്റില്‍ കാര്‍വായലിന്റെ ക്രാസില്‍ നിന്നും മനോഹരമായ ഹെഡറിലൂടെ സൂപ്പര്‍ താരം റൊണാള്‍ഡോ റയലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന റയലിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താന്‍ മികച്ച അവസരം കൈവന്നെങ്കിലും കരീം ബെന്‍സീമയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയ തൊട്ടു പിന്നാലെ അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും പെനാല്‍റ്റി നഷ്ടപ്പെടുത്തി റൊണാള്‍ഡോ അവസരം തുലച്ചു. 57-ാം മിനിറ്റില്‍ പരേയോ ലൂകാ മോഡ്രിച്ചിനെ പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി എടുത്ത റൊണാള്‍ഡോയ്ക്കു പിഴച്ചു. റൊണാള്‍ഡോയുടെ കിക്ക് വലന്‍സിയ ഗോള്‍കീപ്പര്‍ ഡീഗോ ആല്‍വസ് തടുത്തിട്ടു. സാന്റിയാഗോ ബര്‍ണബ്യൂവിലെ സ്വന്തം തട്ടകത്ത് വലന്‍സിയയെ നേരിട്ട റയലിന് ജയിക്കാനായെങ്കിലും കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. പ്രതിരോധത്തിലെ പാളിച്ചകള്‍ തുറന്ന് കാട്ടിക്കൊണ്ട് വലന്‍സിയ റയല്‍ പോസ്റ്റില്‍ ഇടക്കിടെ ഇരച്ചെത്തി. 82-ാം മിനിറ്റില്‍ ഇതിന് ഫലം കാണുകയും ചെയ്തു. വലന്‍സിയ താരത്തെ കാസിമിറോ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്ക് പരേയോ ഗോളാക്കി മാറ്റി. സ്‌കോര്‍ 1-1. സമനിലയിലേക്ക് മാറുമെന്ന് തോന്നിച്ച മത്സരത്തില്‍ പിന്നീട് കണ്ടത് റയലിന്റെ നിരന്തരമായ ആക്രമണമായിരുന്നു. 85-ാം മിനിറ്റില്‍ മാര്‍സലോ റയലിന്റെ വിജയഗോള്‍ സ്വന്തമാക്കി. വിജയത്തോടെ ബാര്‍സയുമായുള്ള പോയിന്റ് അന്തരം മൂന്നാക്കി ഉയര്‍ത്താനും റയലിനു സാധിച്ചു.

chandrika: