പി. ഇസ്മായില്‍ വയനാട്
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുയര്‍ന്ന വിഷപ്പുക ശ്വസിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് കഴിഞ്ഞദിവസം മരണമടഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുകശല്യത്തെതുടര്‍ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിട്ടുള്ളത്. പ്രാണവായുവിനായി കേഴുന്ന കൊച്ചിയിലെ ശ്വാസകോശ രോഗികളുള്‍പ്പെടെയുള്ളവര്‍ക്ക്‌നേരെ ആരോഗ്യ വകുപ്പു കാണിച്ച അവഗണനയുടെ ആദ്യ രക്തസാക്ഷിയാണ് ജോസഫ്. തീയും പുകയും പൂര്‍ണമായും അണച്ചുവെന്നു ജില്ലാ ഭരണകൂടം അവകാശപ്പെടുമ്പോഴും വിഷപ്പുകയും ദുര്‍ഗന്ധവും സഹിക്കാനാവാതെ കൂട്ടത്തോടെ ബന്ധു വീടുകളിലേക്ക് പലായനം തുടരുന്നത് ആശങ്കാജനകമാണ്. കോവിഡ് കാലത്തെ ഓര്‍മപ്പെടുത്തുംവിധം ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയതായ വാര്‍ത്തയും ഒട്ടും ശുഭകരമല്ല. കൊച്ചിയിലെ വായു ഗുണനിലവാരം മോശമായ അവസ്ഥയിലാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം 50 വരെയാണ് നല്ല ഗുണനിലവാരം. 51 മുതല്‍ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 101ന് മുകളില്‍ മോശം നിലയും 201 ന് മുകളില്‍ എത്തുന്നത് ആരോഗ്യത്തിന് അപകടകരവുമാണ്. ഒടുവിലത്തെ കണക്ക്പ്രകാരം കൊച്ചിയില്‍ വായു നിലവാരം 200ന് മുകളിലാണ്. ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളില്‍ 94ാം സ്ഥാനത്താണിപ്പോള്‍ കൊച്ചിയുള്ളത്. ലോകാരോഗ്യ സംഘടന ക്യാന്‍സറിനു കാരണമായി പറയുന്നതും അമേരിക്ക വിയറ്റ്‌നാം യുദ്ധത്തില്‍ പ്രയോഗിച്ചതും അര നൂറ്റാണ്ടിനു ശേഷവും അവിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമായ ഡയോക്‌സിനാണ് കൊച്ചിക്കാര്‍ രണ്ടാഴ്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നത്. ഭാവി തലമുറയെ ഏതുരീതിയില്‍ ഇത് ബാധിക്കുമെന്നത് വലിയ ചോദ്യചിഹ്നമാണ്.
ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി മാത്രം വര്‍ഷത്തില്‍ മൂന്നര കോടി രൂപ കൊച്ചി കോര്‍പറേഷന്‍ ചിലവഴിക്കുന്നുവെങ്കിലും ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്‌കരണം നടക്കാറില്ല. ദിവസവും 390 ടണ്‍ മാലിന്യമെത്തുന്നതില്‍ 206 ടണും ജൈവ മാലിന്യമാണ്. ഒരുദിവസം 30 ടണ്‍ മാലിന്യം മാത്രം സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റിലാണ് ഇത്രയധികം മാലിന്യം തള്ളുന്നത്. എല്ലാ ദിവസവും മാലിന്യം പ്രോസസ് ചെയ്യുകയും പത്ത് ദിവസം കൂടുമ്പോള്‍ ഇളക്കി മറിക്കുകയും വേണം. എന്നാല്‍ മാലിന്യം തള്ളല്‍ മാത്രമാണ് നടക്കാറ്. ഇങ്ങനെ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നവ മാത്രം ഒരു കമ്പനി ശേഖരിക്കുന്നു. ബാക്കിയുള്ളവ കുന്നുകൂടിയാണ് പ്ലാസ്റ്റിക് മലയായിമാറിയത്. ആ മാലിന്യ മലയാണ് കഴിഞ്ഞ 13 ദിവസമായി പുകഞ്ഞു കൊണ്ടിരിക്കുന്നത്.
ബ്രഹ്മപുരം കത്തുമ്പോള്‍ കോടികളുടെ അഴിമതിപ്പുക കൂടിയാണ് പുറത്തുവരുന്നത്. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായുള്ള മാലിന്യ സംസ്‌കരണ കരാര്‍, ബയോമൈനിങിന് സോണ്ട ഇന്‍ഫ്രാടെക്കുമായുള്ള കരാര്‍ എന്നിങ്ങനെ രണ്ട് കരാറുകളാണ് ബ്രഹ്മപുരത്ത് പ്രധാനമായുമുള്ളത്. 250 ടണ്‍ മാലിന്യം സംസ്‌കരിച്ചുള്ള പ്രവൃത്തി പരിചയം വേണമെന്ന മാനദണ്ഡം കാറ്റില്‍പറത്തിയാണ് സി.പി.എം നേതാവ് പാര്‍ട്ണര്‍ ആയുള്ള സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ജൈവമാലിന്യ സംസ്‌കരണ കരാര്‍ നല്‍കിയത്. വ്യാജ രേഖ ചമച്ചു കരാര്‍ സ്വന്തമാക്കിയ കമ്പനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള അനുമതിപോലും നല്‍കാതെ കമ്പനിയെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിലെ വീഴ്ചക്ക് ഹരിത ട്രൈബൂണല്‍ കൊച്ചി കോര്‍പറേഷന് വന്‍ തുക പിഴ ചുമത്തിയ ഘട്ടത്തിലാണ് സര്‍ക്കാര്‍ ആ ചുമതല ഏറ്റെടുക്കുന്നത്. ബയോമൈനിങിന് യോഗ്യത പോലും ഇല്ലാതിരുന്ന സോണ്ട ഇന്‍ഫ്രാടെക് കമ്പനിക്കുവേണ്ടി സര്‍ക്കാരും കൊച്ചി കോര്‍പറേഷനും വഴിവിട്ട സഹായങ്ങളാണ് ഒരുക്കി കൊടുത്തത്. ലൈസന്‍സ് ലഭിക്കണമെങ്കില്‍ 10 കോടിയുടെ ബയോമൈനിങ് നടത്തി മുന്‍ പരിചയം വേണമെന്ന നിബന്ധന മറികടന്നാണ് സി.പി.എം നേതാവ് വൈക്കം വിശ്വന്റെ മകളും മരുമകനും ഡയറക്ടറായ കമ്പനിക്ക് 54 കോടിയുടെ കരാര്‍ നല്‍കിയത്. അനുവദിച്ച സമയത്തിനുള്ളില്‍ 25 ശതമാനം മാത്രം പൂര്‍ത്തീകരിച്ച കമ്പനിക്ക് വീണ്ടും സമയം നീട്ടികൊടുത്തും 11 കോടി രൂപ അനുവദിച്ചും തലോടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ തോല്‍പ്പിക്കുംവിധത്തിലുള്ള സമീപനമാണ് ബ്രഹ്മപുരം പ്ലാന്റിനു തീപിടിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. തീ അണക്കാന്‍ ആക്ഷന്‍പ്ലാന്‍ തയാറാക്കി ഇടപെടല്‍ നടത്തികൊണ്ടിരുന്ന ജില്ലാ കളക്ടര്‍ രേണുരാജിനെ വനിതാദിനത്തില്‍ വയനാട്ടിലേക്കു നാട്കടത്തി മുഖം രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. ഫെയ്‌സ്ബുക്കിലൂടെ രേണുരാജ് ഐ. എ.എസ് പ്രകടിപ്പിച്ച ഒളിയമ്പും പുതുതായി വന്ന കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുന്‍ കളക്ടറുടെ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചതും സര്‍ക്കാരിനുണ്ടാക്കിയ നാണക്കേട് ചെറുതല്ല.
ഉപതിരഞ്ഞെടുപ്പില്‍ തൃക്കാക്കര പിടിക്കാനായി ഒരു മാസക്കാലത്തോളം ക്യാമ്പ് ചെയ്ത മുഖ്യമന്ത്രി അതേ തൃക്കാകരക്കാര്‍ എരിഞ്ഞും പുകഞ്ഞും നീറിയപ്പോള്‍ 12 ദിവസം കഴിഞ്ഞാണ് അഗ്‌നിശമന സേനക്കാരെ അഭിനന്ദിക്കാനാണെങ്കിലും വാ തുറന്നത്. തീ ആളിപ്പടര്‍ന്നു എട്ടാം നാളിലാണ് ജില്ലയിലെ മന്ത്രി പോലും ബ്രഹ്മപുരം സന്ദര്‍ശിച്ചത്. ദുരന്തനിവാരാണ അതോരിറ്റി യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ കാലതാമസം നേരിട്ടതും വിഷപ്പുക ശ്വസിച്ചുപ്രയാസം നേരിടുന്നവരുടെ ആരോഗ്യ സ്ഥിതി അറിയാനും ചികിത്സ ഒരുക്കാനും സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്തത്തിലും സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവരാണ് ഇതിനകം പ്രതിഷേധം രേഖപ്പെടുത്തിയത്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ നൂറാം ദിവസത്തില്‍ അഞ്ച് വര്‍ഷത്തിനകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കുമെന്നും ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും ഈ ലക്ഷ്യത്തിലാണ് ഹരിത കേരളം പദ്ധതികള്‍ നടപ്പാക്കുന്നതെന്നും വലിയ വായില്‍ പ്രസംഗിച്ചവരുടെ ഭരണത്തിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീ ആളിക്കത്തിയത്. ജനീവയിലേയും ബേണിലേയും മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ നാല് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയും അന്നത്തെ ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ മാലിന്യസംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച് നാല് വര്‍ഷം പിന്നിട്ടിട്ടും കേരളത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ത്‌കൊണ്ട് കഴിഞ്ഞില്ലന്ന ചോദ്യത്തിനുമുമ്പില്‍ സര്‍ക്കാരിന് ഉത്തരമില്ല.