ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത്.
ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്‍ ഉപരാഷ്ട്രപതിക്ക് എന്തു അധികാരമാണുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. രാജ്യസഭാധ്യക്ഷന്റെ കടമ നോട്ടീസിന് ചട്ടപ്രകാരം 50 എം.പിമാരുടെ പിന്തുണയുണ്ടോയെന്ന് ഉറപ്പു വരുത്തകയാണ്. നോട്ടീസ് തള്ളല്‍ ഉപരാഷ്ട്രപതിയുടെ അധികാരത്തിലുള്ളതല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിനു പിന്നാലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിനു മുന്നില്‍ ഹാജരാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് പദവിയെ സംബന്ധിച്ച് ഇത്രയധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നിഷ്പക്ഷത പാലിക്കാന്‍ ദീപക് മിശ്ര തയാറാകാത്തത് നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ നോട്ടീസ് ഇംപീച്ച്‌മെന്റിന് ഉതകുന്ന തരത്തിലുള്ള കാരണങ്ങളല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചീഫ് ജസ്റ്റിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഹൈദരാബാദിലായിരുന്ന ഉപരാഷ്ട്രപതി സന്ദര്‍ശനം വെട്ടിച്ചുരുക്കി നോട്ടീസ് പരിഗണിക്കുന്നതിനായി ഡല്‍ഹിയില്‍ എത്തുകയായിരുന്നു. അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍, സുപ്രീം കോടതി മുന്‍ ജഡ്ജി വി സുദര്‍ശന്‍ റെഡ്ഢി, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പി.കെ മല്‍ഹോത്ര, മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭാ സെക്രട്ടേറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള നിയമവിദഗ്ദരുമായി ഉപരാഷ്ട്രപതി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കിയ എംപിമാര്‍ രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഏഴ് പ്രതിപക്ഷ കക്ഷികളിലെ 64 എം.പിമാരായിരുന്നു ഇംപീച്ചമെന്റ് നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ കുറ്റവിചാരണ നോട്ടീസ് നല്‍കുന്നത്. കുറ്റവിചാരണ നോട്ടീസുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു.
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയത്. സുപ്രീം കോടതിയിലെ അസാധാരണ സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തെ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.
അതേ സമയം ഉപരാഷ്ട്രപതി ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.