ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ചു മണി വരെ നീളും. അന്തിമ ഫലം രാത്രിയോടെ അറിയാനാവും.
എന്‍ഡിഎയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ മുന്നണിയിലെ മാര്‍ഗരറ്റ് ആല്‍വയുമാണ് സ്ഥാനാര്‍ത്ഥികള്‍. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തും. നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടുകള്‍ രേഖപ്പെടുത്താന്‍ അവകാശമുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്‍പേഴ്‌സണ്‍.
നിലവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കാനിരിക്കെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വീല്‍ചെയറിലെത്തിയാണ് വോട്ടു ചെയ്തത്.