അലിഗഡ്: ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്ഷന്‍’ സംബന്ധിച്ച് അലിഗഡ് മുസ്ലീം സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി സര്‍വകലാശാല വിദ്യാര്‍ഥികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി മുന്‍വിധിയോടെ സൃഷ്ടിച്ചതാണെന്നാണ് ചാന്‍സലറുടെ അഭിപ്രായം.
ഇന്ത്യന്‍ എക്‌സ്പ്രസുമായി നടത്തിയ അഭിമുഖത്തില്‍ ഡോക്യുമെന്ററി തള്ളിപ്പറഞ്ഞുകൊണ്ടുള്ള തന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. മോദിയെ പ്രശംസിക്കുകയും ഡോക്യുമെന്ററി പക്ഷപാതപരമായ റിപ്പോര്‍ട്ടാണെന്ന് പറയുകയും ചെയ്തിരുന്നു. ഇതാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധമുയരാന്‍ കാരണമായത്.
ബിബിസി സംപ്രേഷണം ചെയ്ത ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വെളുത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന രീതിയിലായിരുന്നു ചാന്‍സലറുടെ പരാമര്‍ശം. ഡോക്യുമെന്ററി മുന്‍വിധിയോടെയുള്ള വ്യാഖ്യാനമാണ്, അനാവശ്യവും അടിസ്ഥാനരഹിതവുമാണ് എന്നാണ് ‘മന്‍സൂര്‍ അഭിപ്രായപ്പെട്ടത്. 2017 മെയ് മാസത്തിലാണ് മന്‍സൂര്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ചുമതല ഏറ്റെടുത്തത്.