ലക്‌നോ: രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് വി.എച്ച്.പിയുടെ രാമരാജ്യരഥയാത്ര ആരംഭിച്ചു. ബി.ജെ.പി നേതാക്കളുടേയും സന്യാസിമാരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രയുടെ ഉദ്ഘാടനം. തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടക ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.
യു.പി, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, കേരള, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് വി.എച്ച്.പിയുടെ യാത്ര കടന്നു പോകുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ നിയസഭാ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ബി. ജെ.പി നേതൃത്വം അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതായാണ് വിവരം.
അതേ സമയം ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരിക്കിലാണ് അദ്ദേഹമെന്നാണ് വി.എച്ച്.പി നേതാക്കള്‍ അറിയിച്ചത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ടാണ് രഥയാത്രയെന്ന് വ്യക്തമാണ്. 1990ല്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി സമാനമായ രീതിയില്‍ രഥയാത്ര നടത്തിയിരുന്നു. ഇത് രാജ്യത്താകമാനം വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.