ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു നേരിട്ട കനത്ത തോല്‍വിക്കു പിന്നാലെ സംഘപരിവാറില്‍ പൊട്ടിത്തെറി. സംഘപരിവാറിന്റെ എക്കാലത്തേയും തീവ്ര വര്‍ഗീയ മുഖങ്ങളില്‍ ഒന്നാമനായിരുന്ന പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടു .192 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ തൊഗാഡിയയുടെ വിശ്വസ്തനും അധ്യക്ഷനുമായിരുന്ന രാഘവ് റെഡ്ഢിക്ക് വെറും 60വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇതോടെ രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടമാകുമായിരുന്നു. ഇതിനിടെയാണ് താന്‍ വി.എച്ച്.പി വിട്ടതായി തൊഗാഡിയ പ്രഖ്യാപിക്കുന്നത്.
വി.എച്.പിയുമായി ഇനി ഒരുവിധത്തിലും സഹകരിക്കില്ല. ഹിന്ദുക്കളുടെ ഉന്നമനത്തിനായുള്ള തുടരും. ഇതിന്റെ ഭാഗമായി ഹിന്ദുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച്ച മുതല്‍ നിരാഹാരം നടത്തുമെന്നും പ്രവീണ്‍ തൊഗാഡിയ വിടവാങ്ങല്‍ പ്രഖ്യാപനത്തില്‍ അറിയിച്ചു. 32 വര്‍ഷമായി തുടരുന്ന വി.എച്ച്.പി ബന്ധത്തിനാണ് ഇതോടെ തിരശീല വീണത്. തെഗഗാഡിയയുടെ രാജിയുടെ വാര്‍ത്ത ദേശീയ രാഷ്ട്രീയത്തില്‍ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചക്ക് വഴിയൊരുക്കും.
54 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര പ്രസിഡന്റ് പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാര്‍ഥി വി.എസ്. കോക്‌ജെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായരിന്നു. ഹിമാചല്‍ ഗവണര്‍, മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുമായി സേവനമനുഷ്ഠിച്ച വി.എസ്. കോക്‌ജെയാണ് വിജയിച്ചത്്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സംഘപരിവാര്‍ സംഘടനകളില്‍ തൊഗാഡിയയെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം തൊഗാഡിയ തന്നെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ തോല്‍വി പിണയുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ തൊഗാഡിയ ശ്രമിച്ചുവെന്നും, നേതൃസ്ഥാനത്തുനിന്നും തൊഗാഡിയയെ മാറ്റണമെന്ന് ഇതിനു മുമ്പ് മോദി ആര്‍.എസ്.എസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, വിഎച്ച്പി രാജ്യാന്തരവര്‍ക്കിങ് പ്രസിഡന്റായി തൊഗാഡിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുകയായിരുന്നു.