X

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ വി.എച്ച്.പി പ്രവര്‍ത്തകരുടെ ആക്രമണം; നിരവധി സ്ത്രീകള്‍ക്ക് പരിക്ക്

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂരില്‍ ക്രിസ്ത്യാനികളെ ആക്രമിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവര്‍ത്തകര്‍. ഒരു സ്വകാര്യ വസതിയില്‍ ഒരു കൂട്ടം ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനാ യോഗത്തിനായി ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നത്.

വി.എച്ച്.പി നേതാവ് രാജേഷ് സിംഗാളിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ സ്ഥലത്തെത്തിയ മഥുര ഗേറ്റ് പൊലീസ് 20 പേരെ അറസ്റ്റ് ചെയ്‌തെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്തെ വീടുകളില്‍ മതപരിവര്‍ത്തനത്തിനായി ചില ആളുകള്‍ ഒത്തുകൂടിയെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അവരെ ചോദ്യം ചെയ്‌തെന്നും പിന്നീട് അതില്‍ ചിലരെ കസ്റ്റഡിയലെടുത്തെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി തങ്ങളുടെ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വി.എച്ച്.പി ജില്ലാ പ്രസിഡന്റ് അവകാശപ്പെട്ടു.
‘ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് വശീകരിക്കുകയായിരുന്നു. സ്ഥിരീകരണത്തിനായി അവര്‍ ഒരു വി.എച്ച്.പി അംഗത്തെ വീട്ടിലേക്ക് അയച്ചപ്പോള്‍, അതൊരു ലൈബ്രറി ആണെന്ന് അവിടെയുള്ള സ്ത്രീ അവകാശപ്പെട്ടു. എന്നാല്‍ അവിടെ മതപരിവര്‍ത്തന പരിപാടിയാണ് നടന്നത്,’ ജില്ലാ പ്രസിഡന്റ പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങളിലൂടെ ആയിരക്കണക്കിന് ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനികളാക്കിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വിദേശ ഫണ്ടിങ് ഉള്‍പ്പടെ ലഭിച്ചാണ് മതപരിവര്‍ത്തനം എന്നാണ് ഹിന്ദു സംഘടനകളുടെ അവകാശവാദം.
നേരത്തെ ജൂലൈ മൂന്നിന് ബി.ജെ.പിയുടെ മാഹിം നിയമസഭാ സെഗ്മെന്റ് പ്രസിഡന്റ് അക്ഷത ടെണ്ടുല്‍ക്കര്‍ ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിലേക്ക് ഇരച്ചുകയറുകയും പരിപാടിയില്‍ പങ്കെടുത്തവരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 12ന് മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട മൂന്ന് പേരെ ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

webdesk13: