X

പ്രശസ്ത തമിഴ് നടന്‍ ക്രേസി മോഹന്‍ അന്തരിച്ചു

പ്രശസ്ത നാടക നടനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ എന്ന മോഹന്‍ രംഗചാരി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ കാവേരി ആസ്്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1952ല്‍ ജനിച്ച മോഹന്‍ കോളജ് പഠനകാലത്താണ് കലാരംഗത്ത് സജീവമായിത്തുടങ്ങിയത്. ക്രേസി തീവ്‌സ് എന്ന നാടകം എഴുതിയതിന് ശേഷമാണ് അദ്ദേഹം ക്രേസി മോഹന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ആക്ഷേപഹാസ്യ നാടകങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
1979ല്‍ ക്രേസി ക്രിയേഷന്‍സ് എന്ന പേരില്‍ നാടകസംഘം തുടങ്ങി. മുപ്പതോളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. നാല്‍പത് സിനിമകളില്‍ സംഭാഷണരചയിതാവായിരുന്നു.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം കെ ബാലചന്ദറിന്റെ പൊയ്കള്‍ കുതിരൈ എന്ന ചിത്രത്തിന് സംഭാഷണം എഴുതിയാണ് സിനിമാ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. വിയറ്റ്‌നാം കോളനി, മഗളില്‍ മട്ടും തുടങ്ങി നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് മോഹനാണ്. അവ്വൈ ഷണ്‍മുഖി, മൈക്കിള്‍ മദന്‍ കാമരാജന്‍ എന്നീ ചിത്രങ്ങളുടെ സംഭാഷണം ഒരുക്കിയതും അദ്ദേഹമാണ്.

കമല്‍ഹാസന്റെ നിരവധി ചിത്രങ്ങളില്‍ സംഭാഷണം എഴുതി. കമല്‍ഹാസനോടൊപ്പം അഭിനയിച്ച ഹാസ്യ രംഗങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. മൈക്കല്‍ മദന കാമ രാജന്‍, അപൂര്‍വ സഹോദരങ്ങള്‍, അവൈ ഷണ്‍മുഖി, വസൂല്‍ രാജ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കല്യാണ സമന്‍ സാദം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

chandrika: