X

കെ.എം ഷാജിക്കെതിരായ കേസ് റദ്ദാക്കിയ വിധി; പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ വിജയം: പി.എം.എ സലാം

കോഴിക്കോട്: കെ.എം ഷാജിക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ വിജയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള ഇടത് സര്‍ക്കാറിന്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയിലൂടെ ഉണ്ടായത്. എത്രയൊക്കെ വേട്ടയാടാന്‍ ശ്രമിച്ചാലും സത്യം ഒരു നാള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് ഈ വിധി തെളിയിച്ചിരിക്കുന്നു. പ്രതിഷേധിക്കുന്നവരെ പ്രതികളാക്കുന്ന ഫാസിസ്റ്റ് നയം കേരളത്തിലും പിന്തുടരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യാതൊരു കഴമ്പുമില്ലാത്ത കേസിന്റെ പേരിലാണ് കെ.എം ഷാജിയെ വേട്ടയാടിയത്. ഈ കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് മുസ്ലിംലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികാര ബുദ്ധിയോടെ കേസുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.- പി.എം.എ സലാം പറഞ്ഞു.

ഉത്തരേന്ത്യന്‍ മോഡല്‍ പ്രതികാര രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ല. കെ.എം ഷാജിയെ രാഷ്ട്രീയമായി വേട്ടയാടാനുള്ള ഇടതുപക്ഷ നീക്കത്തിനാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടിയുണ്ടായത്. ജനാധിപത്യത്തില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ആ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുകയും തിരുത്തേണ്ടത് തിരുത്തുകയും വേണം. എന്നാല്‍ വ്യക്തിപരമായി തേജോവധം ചെയ്ത് ഷാജിയുടെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇതൊരിക്കലും ശരിയായ രാഷ്ട്രീയമല്ല. എഫ്.ഐ.ആര്‍ റദ്ദാക്കി കേസ് അവസാനിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് നിരന്തരമായ നിയമ പോരാട്ടത്തിന്റെ വിജയമാണ്. പ്രതികാര രാഷ്ട്രീയം പരാജയപ്പെടുക തന്നെ ചെയ്യും.- പി.എം.എ സലാം വ്യക്തമാക്കി.

webdesk11: