X
    Categories: indiaNews

ശിവസേന അധികാരത്തര്‍ക്കത്തില്‍ വിധി ഇന്ന്; ഷിന്‍ഡെ വാഴുമോ വീഴുമോ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ കാരണമായ ശിവസേനയിലെ രാഷ്ട്രീയ പ്രതിസന്ധി വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എം.എല്‍.എമാര്‍ ഉദ്ദവ് താക്കറെ സര്‍ക്കാറിനെതിരെ കലാപമുയര്‍ത്തി ബി.ജെ.പിക്കൊപ്പം ചേര്‍ന്നതാണ് സര്‍ക്കാര്‍ വീഴാന്‍ കാരണമായത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ മാര്‍ച്ച് 16ന് ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം ഹര്‍ജികള്‍ വിധി പറയാനായി മാറ്റുകയായിരുന്നു. 2022 ജൂണ്‍ 29ന് ഉദ്ദവ് താക്കറെ സഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ ആവശ്യം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഉദ്ദവ് താക്കറെ രാജിവെക്കുകയും ബി.ജെ.പിയുമായി ചേര്‍ന്ന് ഷിന്‍ഡെ മുഖ്യമന്ത്രിയാവുകയും ചെയ്തു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിനായി മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, കപില്‍ സിബല്‍, ദേവ്ദത്ത് കാമത്ത്, അമിത് ആനന്ദ് തിവാരി എന്നിവരും ഷിന്‍ഡെ വിഭാഗത്തിനായി നീരജ് കിശന്‍ കൗള്‍, ഹരീഷ് സാല്‍വേ, മഹേഷ് ജെറ്റ്മലാനി എന്നിവരുമാണ് കോടതിയില്‍ വാദിച്ചത്.

ഗവര്‍ണര്‍ക്കു വേണ്ടി സോളിസിറ്റര്‍ തുഷാര്‍ മെഹ്തയും ഹാജരായി. വിമത എം.എല്‍.എമാരെ പുറത്താക്കാനുള്ള സ്പീക്കറുടെ അധികാരവും ഷിന്‍ഡെയെ സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിച്ച ഗവര്‍ണറുടെ നടപടിയുമാണ് കോടതി മുമ്പാകെയുള്ളത്. ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്റ്റേ ചെയ്യാന്‍ ഫെബ്രുവരി 22ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 2022 ഓഗസ്റ്റ് 23ന് മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.

webdesk11: