X

രാഹുല്‍ ഗാന്ധിക്കെതിരായ വിധി യുക്തിരഹിതം- വി.ഡി സതീശന്‍

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഞെട്ടിക്കുന്നതും യുക്തിരഹിതവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യത്താകെ പത്ത് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിലൊന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ കൊടുത്തതാണെന്നുമാണ് വിധി ന്യായത്തില്‍ പറയുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകളുണ്ടാകുന്നത് സാധാരണമാണ്. കേസില്‍ ശിക്ഷിക്കപ്പെടുന്നത് വരെ ഒരാള്‍ കുറ്റം ചെയ്തതായി കണക്കാനാകില്ലെന്ന ക്രിമിനല്‍ നടപടി ക്രമത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ് ഗുജറാത്ത് ഹൈക്കോടതി വിധി. നിയമവുമായി പുലബന്ധം പോലും ഇല്ലാത്ത വിധിന്യായമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മറ്റൊരു കേസുണ്ടെന്നത് ഈ കേസിലെ വിധിയെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? സവര്‍ക്കറുടെ കൊച്ചുമകനോ മോദിയുടെ അമ്മായിയുടെ മകനോ കേസ് കൊടുത്തുവെന്നതിന് എന്ത് പ്രസക്തിയാണുള്ളത്? സവര്‍ക്കറുടെ കൊച്ചുമകന്‍ കേസ് കൊടുത്തത് കൊണ്ട് രാഹുല്‍ ഗാന്ധിക്ക് സ്‌റ്റേ നല്‍കില്ലെന്ന് പറയുന്നതിലെ യുക്തി എന്താണ്? നിയമപരമായും യുക്തിപരമായും അടിത്തറയില്ലാത്ത വിധിന്യായമാണ്.

രാജ്യത്തെ ഏറ്റവും പ്രമുഖനായ നേതാവിനെ ജയിലില്‍ അടയ്ക്കാനുള്ള മോദി ഭരണകൂടത്തിന്റെ ഗൂഡാലോചനയാണ് പുറത്ത് വന്നിരിക്കുന്നത്. പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്നതിന് വേണ്ടിയാണ് മനപൂര്‍വം രണ്ട് വര്‍ഷത്തെ ശിക്ഷ നല്‍കിയത്. രാഹുല്‍ ഗാന്ധിയെ ജയിലിലടച്ച് വീണ്ടും ഭരിക്കാമെന്ന മോദിയുടെ വ്യാമോഹം ജനാധിപത്യ ഭാരതം ചെറുത്ത് തോല്‍പ്പിക്കും. ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അങ്ങനെയുള്ള നേതാവിനെയാണ് ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എറണാകുളത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളക്കേസുകളെടുത്ത് ജയിലില്‍ അടച്ച് ജനാധിപത്യത്തെ ബി.ജെ.പി കൊലചെയ്യുകയാണ്. അതേ വഴിയിലൂടെയാണ് കേരളത്തിലെ സര്‍ക്കാരും നടക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുകയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൂട്ടിക്കുകയും ആരെയൊക്കെയാണ് ക്രൂശിലേറ്റുന്നതെന്ന് സി.പി.എം നേതാക്കളെ കൊണ്ട് മുന്‍കൂട്ടി പറയിപ്പിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഡല്‍ഹിയില്‍ നടക്കുന്നതും ഇവിടെ നടക്കുന്നതും ഒന്നു തന്നെയാണ്. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ജയിലിലാക്കുന്നതും കള്ളക്കേസുകള്‍ ചമയ്ക്കുന്നതും ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. അതിനെതിരെ ജനാധിപത്യരീതിയിലുള്ള പ്രതിരോധം തീര്‍ക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk14: