കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മധുരോ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടനക്കു ബഹുമാനം നല്‍കി നീതി നടപ്പാക്കുന്നതിനൊപ്പം വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉജ്ജ്വല വിജയം നേടിയാണ് നിക്കോളാസ് മധുരോ തുടര്‍ച്ചയായി രണ്ടാം തവണയും വെനസ്വേലയുടെ പ്രസിഡന്റാകുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന പ്രതിപക്ഷ ആഹ്വാനം തള്ളി രണ്ടുകോടിയോളം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനായി പോളിങ് ബൂത്തിലെത്തി.
67.7 ശതമാനം വോട്ടു നേടിയാണ് മധുരോ വീണ്ടും അധികാരമുറപ്പിച്ചത്. അമേരിക്കന്‍ സ്വേച്ഛാധിപത്യത്തിനെതിരായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മധുരോ പ്രതികരിച്ചിരുന്നു.
ഹെന്റി ഫാല്‍ക്കണ്‍, ജാവേര്‍ ബെര്‍ക്കുക്കി, റെയ്‌നാള്‍ഡോ ക്വിജഡ എന്നിവരാണ് യൂണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മധുരോയുടെ എതിരാളികള്‍.