ന്യൂയോര്‍ക്: യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സില്‍ അപ്രതീക്ഷിത ഫൈനല്‍. കലാശക്കളിയില്‍ 15-ാം സീഡ് മാഡിസണ്‍ കെയ്‌സ് സീഡില്ലാത്ത സ്ലോവേന്‍ സ്റ്റീഫന്‍സിനെ നേരിടും. 2002ല്‍ വീനസ് വില്യംസ്-സെറീന വില്യംസ് ഫൈനലിനു ശേഷം ഇതാദ്യായാണ് വനിത വിഭാഗത്തില്‍ അമേരിക്കന്‍ ഫൈനലിന് കളമൊരുങ്ങുന്നത്. അമേരിക്കന്‍ താരങ്ങള്‍ മാത്രം അണി നിരന്ന സെമി പോരാട്ടത്തില്‍ ഒമ്പതാം സീഡ് വീനസ് വില്യംസിനെ അട്ടിമറിച്ചാണ് ലോക റാങ്കിങില്‍ 83-ാം റാങ്കുകാരിയായ സ്ലോവേന്‍ സ്റ്റീഫന്‍സണ്‍ കലാശക്കളിക്ക് അര്‍ഹത നേടിയത്. മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്റ്റീഫന്‍സിന്റെ ജയം.
ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ സ്റ്റീഫന്‍സിനെ രണ്ടാം സെറ്റില്‍ ഒരു പോയിന്റു പോലും വിട്ടു നല്‍കാതെ വീനസ് മുട്ടുകുത്തിച്ചു. 6-0ന് രണ്ടാം സെറ്റ് സ്വന്തമാക്കിയ വീനസിന് പക്ഷേ മൂന്നാം സെറ്റില്‍ യുവ താരത്തിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇടംകാലിന് പരിക്കേറ്റ് 11 മാസം കളത്തില്‍ നിന്നും വിട്ടു നിന്ന ശേഷം ജൂലൈയിലാണ് സ്ലോവേന്‍ സ്റ്റീഫന്‍സ് മടങ്ങിയെത്തിയത്. മടങ്ങിയെത്തുമ്പോള്‍ 957-ാം റാങ്കിലായിരുന്നു സ്റ്റീഫന്‍സ്. 2013ല്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ സെമി ഫൈനലില്‍ എത്തിയതാണ് സ്ലോവേനിന്റെ ഇതിനു മുമ്പുള്ള മികച്ച പ്രകടനം. രണ്ടാം സെമിയില്‍ 20-ാം സീഡ് കൊകൊ വാന്‍ഡെവെഗെയെ അനായാസം കീഴടക്കിയാണ് മാഡിസണ്‍ കെയ്‌സ് ഫൈനലിലെത്തിയത്.
സ്‌കോര്‍ 6-1, 6-2. രണ്ടു സെറ്റുകളില്‍ ഒരിക്കല്‍ പോലും വാന്‍ഡെവെഗെയ്ക്ക് മാഡിസണു മുന്നില്‍ വെല്ലുവിളി ഉയര്‍ത്താനായില്ല. തനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, പക്ഷേ ഞാന്‍ നന്നായി കളിച്ചുവെന്ന് മാത്രം അറിയാം മത്സര ശേഷം മാഡിസണ്‍ കെയ്‌സ് പറഞ്ഞു. ആദ്യ സെറ്റില്‍ 5-0ന് മുന്നില്‍ എത്തിയ ശേഷമാണ് ഒരു പോയിന്റ് കൊകൊയ്ക്ക് ലഭിക്കുന്നത്. കേവലം 23 മിനിറ്റു കൊണ്ട് സെറ്റ് കെയ്‌സ് സ്വന്തമാക്കുകയും ചെയ്തു. പക്ഷേ രണ്ടാം സെറ്റില്‍ 4-1ന് മുന്നില്‍ നില്‍ക്കെ മെഡിക്കല്‍ ടെം ഔട്ടിന് കെയ്‌സ് വിളിച്ചത് ആശങ്കയുളവാക്കി. പിന്നീട് വലത്തെ കാല്‍തുടയില്‍ കനത്ത കെട്ടുമായാണ് താരം കളത്തിലേക്ക് മടങ്ങിയെത്തിയത്. പക്ഷേ ഇതൊന്നും അവരുടെ വിജയത്തെ ഒരു തരത്തിലും ബാധിച്ചതുമില്ല.