ന്യൂഡല്‍ഹി: ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയി മലയാളിയായ കെ.കെ വേണുഗോപാല്‍ ഒരു വര്‍ഷം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ കാലാവധി ഈമാസം 30ന് അവസാനിക്കും. തുടര്‍ച്ചയായി മൂന്നാം തവണയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടാനൊരുങ്ങുന്നത്. 2017 ജൂലൈ 1 ന് മുകുള്‍ റോത്തഗിയുടെ പിന്‍ഗാമിയായാണ് അദ്ദേഹം അറ്റോര്‍ണി ജനറലായി ആദ്യം ചുമതലയേറ്റത്.
മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമം. തുടര്‍ന്ന് 2020ലും 2021ലും കാലാവധി നീട്ടി നല്‍കി. മൊറാജി ദേശായി സര്‍ക്കാരില്‍ അഡീ. സോളിസിറ്റര്‍ ജനറലായും വേണുഗോപാല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസര്‍കോട്് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് സ്വദേശം. റഫാല്‍ അഴിമതി, വിവാദമായ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പടെ സുപ്രധാന കേസുകളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രതിരോധം തീര്‍ത്തത് വേണുഗോപാലായിരുന്നു.