വേഗപ്പോരില്‍ ബുഗാട്ടിയുടെ ഹൈപ്പര്‍ കാറായ ഷിറോണിനു വെല്ലുവിളി ഉയര്‍ത്താന്‍ ഹെന്നെസ്സി വെനം എഫ് ഫൈവ് എത്തുന്നു. മണിക്കൂറില്‍ 311 മൈല്‍(അഥവാ 500 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിവുള്ള വെനം എഫ് ഫൈവിനു ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ കാര്‍ എന്ന പെരുമയും സ്വന്തമാണെന്നാണു യു എസിലെ ടെക്‌സസ് ആസ്ഥാനമായ ട്യൂണിങ് ഹൗസായ ഹെന്നെസ്സി പെര്‍ഫോമന്‍സ് എന്‍ജിനീയറിങ്ങിന്റെ പക്ഷം.
മഹത്തായ കാര്‍ നിര്‍മിക്കാനുള്ള ഉദ്യമമെന്നു മാത്രമാണ് വെനം എഫ് ഫൈവ് പദ്ധതിയെ ഹെന്നെസ്സി വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള 24 കാറുകള്‍ മാത്രമാണു നിര്‍മിക്കുകയെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 15.47 കോടി രൂപയാണ് കാറിനു വില. മണിക്കൂറില്‍ 300 മൈല്‍(അഥവാ 482 കിലോമീറ്റര്‍) എന്ന വേഗപരിധി കീഴടക്കിയ ചരിത്രമാണു ബുഗാട്ടിയുടെ ഷിറോണ്‍ അവകാശപ്പെടുന്നത്.
പരീക്ഷണ ഓട്ടത്തിനിടെ കാര്‍ മണിക്കൂറില്‍ 304.773 മൈല്‍(അഥവാ 490.484 കിലോമീറ്റര്‍) വേഗം കൈവരിച്ചെന്നായിരുന്നു ഔദ്യോഗിക രേഖ. തുടര്‍ന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹൈപ്പര്‍ കാറായും ഷിറോണ്‍’ മാറി. 2017ല്‍ കോനിസെഗ് ‘അഗേര ആര്‍ എസ്’ കൈവരിച്ച 284.55 മൈല്‍ വേഗമായിരുന്നു അതുവരെയുള്ള റെക്കോഡ്(മടക്കയാത്ര കൂടിയാവുന്നതോടെ ശരാശരി വേഗം മണിക്കൂറില്‍ 277.87 മൈലും). എന്നാല്‍ ഇതിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ‘ഷിറോണ്‍’ പുറത്തെടുത്തത്.
അതേസമയം ‘ഷിറോണി’നെ വെല്ലാന്‍ ഹെന്നെസ്സി അണിയിച്ചൊരുക്കിയ ഹൈപ്പര്‍ കാറിനു കരുത്തേകുന്നത് 6.6 ലീറ്റര്‍, ഇരട്ട ടര്‍ബോ ചാര്‍ജ്ഡ് വി എയ്റ്റ് എന്‍ജിനാണ്; 8,000 ആര്‍ പി എമ്മില്‍ 1,817 ബി എച്ച് പി കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. പിന്‍ വീല്‍ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന കാറിനു ഭാരം 1,360 കിലോഗ്രാമാണ്. ഇതോടെ കാറിന്റെ കരുത്തും ഭാരവുമായുള്ള അനുപാതം 1.34 എച്ച് പി/കിലോഗ്രാമാവുന്നു. താരതമ്യേന ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മിതിയും ഉയര്‍ന്ന കരുത്തുമാണ് ‘വെനം എഫ് ഫൈവി’ന്റെ തകര്‍പ്പന്‍ കുതിപ്പിനു പിന്നിലെന്നാണു ഹെന്നെസ്സിയുടെ വിശദീകരണം.
അഞ്ചു ഡ്രൈവ് മോഡുകളോടെയാണ് വെനം എഫ് ഫൈവിന്റെ വരവ്. സ്‌പോര്‍ട്, ട്രാക്ക്, ഡ്രാഗ്, വെറ്റ്, എഫ് ഫൈവ്, വേഗമേറിയ വിമാനങ്ങളുടെ കോക്പിറ്റിനെ അനുസ്മരിപ്പിക്കുന്ന അകത്തളമാണ് വെനം എഫ് ഫൈവിന്റേത്.