X

പരിശീലകനാവാന്‍ വെങ്കിയും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ വെങ്കിടേഷ് പ്രസാദും രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ താല്‍പര്യം അറിയിച്ച് ബിസിസിഐയ്ക്ക് പ്രസാദ് അപേക്ഷ അയച്ചു.
മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രിയ്ക്ക് പിന്നാലെയാണ് പ്രസാദ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായി പ്രസാദ് നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോള്‍ പ്രസാദായിരുന്നു ഇന്ത്യയുടെ ബൗളിംഗ് കോച്ച. ഇശാന്ത് ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍, ആര്‍ പി സിംഗ്, എസ് ശ്രീശാന്ത് എന്നീ ബൗളര്‍മാരെ ഇന്ത്യന്‍ ടീമിലെത്തിച്ചതിന് പ്രസാദിന് നിര്‍ണ്ണായക പങ്കാണ് ഉളളത്.
ഇന്ത്യയ്ക്കായി 33 ടെസ്റ്റും 162 ഏകദിനവും കളിച്ചിട്ടുളള ഈ കര്‍ണാടക താരം ടെസ്റ്റില്‍ 96 വിക്കറ്റും ഏകദിനത്തില്‍ 196 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 1996 മുതല്‍ 2001വരെയായിരുന്നു പ്രസാദിന്റെ അന്താരാഷ്ട്ര കരിയര്‍. അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി അപേക്ഷ നല്‍കിയത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നെന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനില്‍ കുംബ്ലെ രാജി വച്ചതിനു ശേഷം പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ ശാസ്ത്രി ആദ്യം അപേക്ഷ നല്‍കിയിരുന്നില്ല.
കഴിഞ്ഞ തവണ ടീമിനൊപ്പം മികച്ച നേട്ടങ്ങളുണ്ടാക്കിയിട്ടും തന്നെ തഴഞ്ഞ് കുംബ്ലെയെ പരിഗണിച്ചതിന്റെ നീരസം കൊണ്ടാണ് ശാസ്ത്രി അപേക്ഷ നല്‍കാതിരുന്നത്. എന്നാല്‍ ബിസിസിഐ ഉപദേശക സമിതി അംഗം കൂടിയായ സച്ചിന്‍ കണ്ടു സംസാരിച്ചതോടെ ശാസ്ത്രിയുടെ മനസ്സു മാറിയതായാണ് റിപ്പോര്‍ട്ട്.
ലണ്ടനിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ശാസ്ത്രി തിരിച്ചെത്തുന്നതിലുള്ള താല്‍പര്യം കൊണ്ടു കൂടിയാണ് സച്ചിന്‍ അദ്ദേഹത്തെ കണ്ടതെന്നാണ് വാര്‍ത്തകള്‍. മുന്‍പ് ശാസ്ത്രി ടീം ഡയറക്ടറായിരിക്കെ കോച്ചിനു വേണ്ടിയുള്ള അഭിമുഖം നടത്തിയപ്പോള്‍ സച്ചിന്‍ അദ്ദേഹത്തെയാണ് പിന്തുണച്ചിരുന്നത്.
മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രജ്പുത്, ദോഡ ഗണേശ്, വിരേന്ദര്‍ സെവാഗ്, മുന്‍ പാക് കോച്ച് റിച്ചാര്‍ഡ് പൈബസ്, ഓസീസ് മുന്‍ താരം ടോം മൂഡി എന്നിവരാണ് ശാസ്ത്രിക്കും പ്രസാദിനും പുറമെ കോച്ചാവാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
ജൂലൈ 26ന് ആരംഭിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് ടീമിന്റെ മുഖ്യ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിട്ടുള്ളത്.

chandrika: