മലപ്പുറം: ഭാഷാ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഭാഷയെക്കുറിച്ചുള്ള പരാമര്‍ശവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വൈദ്യരത്‌നം പി എസ് വാര്യരുടെ 150-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
മാതൃഭാഷക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് ആവശ്യം. ഓരോരുത്തര്‍ക്കും അവരുടെ മാതൃഭാഷ ഏറ്റവും പ്രധാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം. കേരളത്തില്‍ ആദ്യത്തെ ഭാഷ മലയാളമാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങള്‍ എല്ലാ ഭാഷയും പഠിക്കണമെന്ന് പറഞ്ഞ ഉപരാഷ്ട്രപതി മാതൃഭാഷ കാഴ്ച പോലെയാണെന്നും മറ്റ് ഭാഷകള്‍ കണ്ണടയിലുള്ള കാഴ്ചയാണെന്നും അഭിപ്രായപ്പെട്ടു. നിലവില്‍ ഉയരുന്ന ഭാഷാ വിവാദം തീര്‍ത്തും അനാവശ്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. നേരത്തെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഹിന്ദി ഭാഷാവാദം ഉന്നയിച്ച് വലിയ പ്രതിഷേധത്തിന് ഇടവച്ചിരുന്നു.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാദം. ഈ പരാമര്‍ശമാണ് വിവാദമായത്.