ചെന്നൈ: കാവേരി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കെ. കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും സന്ദര്‍ശിച്ചു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കലൈഞ്ജര്‍. കാവേരി ആസ്പത്രിയിലെ ഡോക്ടര്‍മാരുമായും കരുണാനിധിയുടെ മക്കളായ എം.കെ സ്റ്റാലിന്‍, കനിമൊഴി എന്നിവരുമായും ഉപരാഷ്ട്രപതി ആശയവിനിമയം നടത്തി.
അതേസമയം അടിയന്തര സാഹചര്യം മുന്നില്‍ തമിഴ്‌നാട്ടില്‍ പൊലീസിന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഏതു നിമിഷവും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സേനയെ സജ്ജമാക്കി നിറുത്താന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡി.ജി.പി നിര്‍ദേശം നല്‍കി. നഗരത്തില്‍ അധികമായി 2000 പൊലീസുകാരെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇതിനു പുറമെ കരുണാനിധി ചികിത്സയില്‍ കഴിയുന്ന ആല്‍വാര്‍പേട്ടിലെ കാവേരി ആസ്പത്രിക്ക് ചുറ്റിലും പരിസരത്തെ റോഡുകളിലുമായി ഒരു സംഘം കമാന്‍ഡോ ഫോഴ്‌സിനേയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനേയും നിയോഗിച്ചിട്ടുണ്ട്. ആസ്പത്രിയുടെ പ്രവേശന കവാടം ബാരിക്കേഡ് കെട്ടി തടഞ്ഞിരിക്കുകയാണ്. കലൈഞ്ജറുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അണികള്‍ അക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഈ സജ്ജീകരണം. കരുണാനിധിയെ ആസ്പത്രിയിലേക്ക് മാറ്റിയ ശനിയാഴ്ച ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ ശനിയാഴ്ച കലൈഞ്ജറെ സന്ദര്‍ശിച്ചിരുന്നു.