X

വെഞ്ഞാറമൂട് ഇരട്ടക്കൊല തിരിച്ചടിക്കുന്നു; പ്രതി നജീബിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ എല്‍ഡിഎഫ് മനുഷ്യശൃംഖലയുടേത്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല സിപിഎമ്മിനെ തിരിച്ചടിക്കുന്നു. പുറത്തുവരുന്ന തെളിവുകള്‍ സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്. പ്രതികളില്‍ ചിലരുടെ സിപിഎം ബന്ധം തെളിയിക്കുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പ്രതികളായ സതിമോന്‍, നജീബ് എന്നിവരുടെ സിപിഎം ബന്ധമാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സതിയുടെ ഫേസ്ബുക്കിലെ ചിത്രങ്ങള്‍ സിപിഎം ബന്ധത്തിന് തെളിവായി കോണ്‍ഗ്രസ് പുറത്തുവിടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയും പ്രതികള്‍ എത്തിയ ബുള്ളറ്റിന്റെ ഉടമയുമായ നജീബിനും സിപിഎം ബന്ധമുണ്ട്. എല്‍ഡിഎഫ് മനുഷ്യശൃംഖലയുടെ ചിത്രമാണ് നജീബും ഫേസ്ബുക്ക് പ്രൊഫൈലാക്കിയിരിക്കുന്നത്. കേസിലെ പ്രതിയായ അജിത് ബിജെപി അനുഭാവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ പാര്‍ട്ടികളിലുള്ളവര്‍ പങ്കാളികളായ കുറ്റകൃത്യം എങ്ങനെ രാഷ്ട്രീയ കൊലപാതകമാവുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഉന്നയിക്കുന്നത്.

കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്‌ഐ നേതാക്കളെ ആക്രമിച്ച കേസിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. 2019 ജൂലായില്‍ ഡിവൈഎഫ്‌ഐ ഏരിയാ ജോയിന്‍ സെക്രട്ടറി സഞ്ജയനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മിഥിലാജാണ്. പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരായ വധശ്രമക്കേസിലും മിഥിലാജ് ഒന്നാം പ്രതിയാണ്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എം.പി. സംസാരിച്ചെന്നു പറയുന്ന ശബ്ദസന്ദേശത്തിന്റെ വിശദവിവരങ്ങള്‍ സൈബര്‍സെല്‍ തേടിയിട്ടുണ്ട്. കൂടാതെ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു ശേഷം പ്രതികളും സംശയിക്കുന്നവരും അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും വിവിധ ഏജന്‍സികള്‍ വഴി പരിശോധിച്ചുവരുന്നു. കൊലപാതകത്തിലേക്കു നയിച്ച, വിവാദമായ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരുടെ ഫോണ്‍വിളികള്‍, ഇവരുടെ അന്തര്‍ജില്ലാ ബന്ധങ്ങള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്.

ഡി.വൈ.എഫ്.ഐ. നേതാവ് സ്റ്റേഷനിലെത്തി, സാക്ഷിപറഞ്ഞയാള്‍ക്ക് ക്ലാസെടുത്തെന്ന ആരോപണം പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. ഇതിനായി സ്റ്റേഷനിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കും. അറസ്റ്റിലായ പ്രതികളില്‍ കോണ്‍ഗ്രസ് ഇതര രാഷ്ട്രീയബന്ധമുള്ളവരുണ്ടെന്നും ഫൈസല്‍ കൊലപാതകശ്രമ കേസില്‍ ഉള്‍പ്പെടാത്തവരുണ്ടെന്നും കണ്ടെത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

രാത്രി 11-ന് കൊല്ലപ്പെട്ടവര്‍ തേമ്പാംമൂട്ടിലെത്തുമെന്ന് എങ്ങനെ സംഘത്തിനു വിവരം കിട്ടി, കൂട്ടത്തിലുള്ളവരാണോ ഒറ്റുകൊടുത്തത്, അതോ ഇവരുടെ നീക്കങ്ങള്‍ കൊലയാളികള്‍ നിരീക്ഷിച്ചിരുന്നോ എന്നെല്ലാമുള്ള വിവരങ്ങള്‍ ഫോണ്‍വിളികളുടെ രേഖകളില്‍നിന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

അന്വേഷണോദ്യോഗസ്ഥന്മാരെപ്പറ്റി വിവിധ കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പോലീസ് പറയുന്നു.

 

 

chandrika: