തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂടില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ വാക് പോര് തുടരുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്ത്. സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇരുസംഘങ്ങളുടെയും കൈകളില്‍ വാളുകള്‍ ഉണ്ടെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ആറു പേര്‍ അടങ്ങുന്ന സംഘം കൊലപാതകം നടത്തി എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പത്തിലേറെ പേര്‍ സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. വിശാംശങ്ങള്‍ പുറത്തു വന്നതോടെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ട് എന്ന് ഇപ്പോള്‍ പറയാനാലില്ല എന്നാണ് പൊലീസ് നിലപാട്. രാഷ്ട്രീയ കൊലപാതകമാണ് എന്ന് സി.പി.എം ആവര്‍ത്തിക്കുന്നതിനിടെയാണ് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുജീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ അറിയാമെന്നും ഡിഐജി പറയുന്നു. പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീര്‍പ്പിലെത്തുന്നത് ശരിയല്ല എന്ന നിലപാടിലാണ് പൊലീസ്. നേരത്തെ, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണ് എന്ന് റൂറല്‍ എസ്പി ബി അശോകന്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പൊലീസ് നിലപാടില്‍ നിന്ന് പിന്നാക്കം പോയത്.
ഇന്ന് പുലര്‍ച്ചെയാണ് വെഞ്ഞാറമ്മൂട്ടില്‍ ബൈക്കിലെത്തിയ സംഘം യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥ്ലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജങ്ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥ്ലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥ്ലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.