വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ അസംതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ധിക്കുന്നതാണ് വേങ്ങരയുടെ ചരിത്രം. ഇത്തവണയും ഭൂരിപക്ഷം വര്‍ധിക്കും. വേങ്ങരക്കാര്യം എന്ന വിഷയത്തില്‍ കേസരി ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ജനജീവിതം ദുസ്സഹമായ സ്ഥിതിയാണ്. ഇതിന് രണ്ട് സര്‍ക്കാരുകളും ഒരുപോലെ ഉത്തരവാദികളാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാശ്രയ പ്രശ്‌നത്തിലുള്‍പ്പെടെ സര്‍ക്കാറിന്റെ തെറ്റായ നിലപാടുകള്‍ തിരുത്തിക്കാന്‍ പ്രതിപക്ഷത്തിനായി. രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. പ്രതിപക്ഷത്തിന്റെ വിജയം രാജ്യം സ്തംഭിപ്പിക്കലാണെന്ന ധാരണയുണ്ട്. അത് യു.ഡി.എഫിന്റെ രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ ബി.ജെ.പിയാണ് പ്രധാന എതിരാളി. എന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പി ദുര്‍ബലമാണ്. ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. കെ.എം മാണിയുടെ കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് മുസ്‌ലിം ലീഗിന് എപ്പോഴുമുണ്ടായിരുന്നത്. ബി.ഡി.ജെ.എസ് വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായം പറയും.
വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ അത്ഭുതമാണ് സൃഷ്ടിച്ചതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വസ്തുതയുടെ കണിക പോലുമില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നത്. മികച്ച സ്ഥാനാര്‍ത്ഥിയാണ് യു.ഡി.എഫിന്റേത്. യുവജനങ്ങള്‍ക്ക് അതാത് ഘട്ടങ്ങളില്‍ നല്ല പ്രാതിനിധ്യം മുസ്‌ലിം ലീഗ് നല്‍കിയിട്ടുണ്ട്. ഇനിയും ഉചിതമായ സമയത്ത് യുവാക്കളെ പരിഗണിക്കും. വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പിച്ചതാണെന്ന് പറയുന്നത് മണ്ടത്തരമാണ്. അവിടെ ഉപതെരഞ്ഞെടുപ്പ് വന്ന സാഹചര്യം വേങ്ങരക്കാര്‍ക്കറിയാം. വേങ്ങരയില്‍ മുസ്‌ലിം ലീഗിന് റിബല്‍ ഉണ്ടെന്നത് മാധ്യമങ്ങള്‍ പറയുന്നതാണ്. ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് അറിയുന്നത് തന്നെ പത്രങ്ങളില്‍ വന്നപ്പോഴാണ്. ഒരു പ്രസക്തിയും ഇല്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡണ്ട് സുരേഷ് വെള്ളിമംഗലം സ്വാഗതവും സെക്രട്ടറി കിരണ്‍ബാബു നന്ദിയും പറഞ്ഞു.