പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ചയറിയും. തെരഞ്ഞെടുപ്പവസാനിച്ച ബുധനാഴ്ച മുതല്‍ ഫലമറിയാന്‍ കാത്തിരിക്കുകയാണ് കലങ്ങി മറിഞ്ഞ കേരള രാഷ്ട്രീയം. സോളാര്‍ കേസിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ അവകാശ ലംഘനം വരെ നടത്തി നാണംകെട്ട എല്‍.ഡി.എഫ് മന്ത്രി സഭക്കുള്ള തിരിച്ചടികൂടിയാവും വേങ്ങരയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം വേങ്ങരയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച യു.ഡി.എഫ് നേതാക്കള്‍ വേങ്ങര കാത്തിരിക്കുന്ന ആഹ്ലാദ നാളിന്റെ മധുരം കൂടിയാണ് പങ്കുവെച്ചത്.
ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള തെരഞ്ഞെടുപ്പായിരുന്നു വേങ്ങരയില്‍ നടന്നത്. ഇരു മുന്നണികളെ സംബന്ധിച്ചിടത്തോളവും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. സംസ്ഥാന തലത്തില്‍ സര്‍ക്കാറിന്റെ ഭരണപരാജയവുമായിരുന്നു ചര്‍ച്ചാ വിഷയം. ദേശീയ രാഷ്ട്രീയത്തില്‍ ഫാസിസം കൂടുതല്‍ ചുവടുറപ്പിച്ചതും ഇതിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇത്തരം ഫാസിസ്റ്റ് നയങ്ങള്‍ക്ക് ചൂട്ടുപിടിച്ചതും കാര്യമായി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇതുവഴി യു.ഡി.എഫ് പ്രചാരണ ഘട്ടത്തില്‍ തന്നെ ചരിത്രം വിജയം ഉറപ്പിച്ച മുന്നേറ്റമാണ് നടത്തിയത്. ചിട്ടയായ പ്രവര്‍ത്തനങ്ങളും മുഴുവന്‍ വോട്ടര്‍മാരിലേക്കും ഇറങ്ങിച്ചെല്ലാന്‍ സാധിച്ചുവെന്നതും യു.ഡി.എഫ് ക്യാമ്പിന് ഏറെ ആശ്വാസം പകരുന്നതാണ്.
തരംതാണ രാഷ്ട്രീയ കളികളുയര്‍ത്തി വോട്ടര്‍മാരെ തളര്‍ത്താന്‍ സി.പി.എം ശ്രമിച്ചെങ്കിലും ഉയര്‍ന്ന പോളിങ് നല്‍കി വേങ്ങര അതിനെ മറികടന്നു. അന്തിമ കണക്ക് പരിശോധിക്കുമ്പോള്‍ ഇത് വ്യക്തം. ആകെയുള്ള 1,70,009 പേരില്‍ 1,22,610 പേര്‍ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. 72.12 ആണ് പോളിങ് ശതമാനം. വേങ്ങര ദര്‍ശിച്ചതില്‍ വെച്ച് ഏറ്റവും വലിയ വോട്ടിങ് ശതമാനമാണിത്. ആറ് പഞ്ചായത്തുകള്‍ തിരിച്ച് കണക്കുകള്‍ പരിശോധിക്കുമ്പോഴുംഎ.ആര്‍ നഗര്‍ 71.35, പറപ്പൂര്‍72.75, ഒതുക്കുങ്ങല്‍ 73.66, വേങ്ങര 70.55, കണ്ണമംഗലം 71.35, ഊരകം 73.66. ഈ മുന്നേറ്റവും വേങ്ങരക്ക് പ്രതീക്ഷ പകരുന്നതാണ്.
വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ തുറക്കും. വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിക്കുന്നത്. വോട്ടെണ്ണലിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് രാവിലെ കലക്ടറേറ്റ് സമ്മേളന ഹാളില്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഏറെ സന്തോഷം പകരുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വേങ്ങര കാത്തിരിക്കുന്നതെന്ന മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികിട്ടി എം.പിയുടേയും വേങ്ങരയില്‍ യു.ഡി.എഫ് മേല്‍കൈ നേടുമെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെയും വാക്കുകള്‍ പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം പകര്‍ന്നിട്ടുണ്ട്. ഇതിനൊപ്പം ആത്മവിശ്വാസത്തിന്റെ നിറ പുഞ്ചിരിയുമായി അഡ്വ. കെ.എന്‍.എ ഖാദറും വേങ്ങരക്കാര്‍പ്പമുണ്ട്.