അനീഷ് ചാലിയാര്‍
വേങ്ങര
”എല്ലാമറന്നൊന്നുറങ്ങിയ യാമങ്ങള്‍
എന്നേക്കുമായസ്തമിച്ചുപോയ്
ഇന്നിനിയൊരാളുടെ നിദ്രക്ക് മറ്റൊരാള്‍
കണ്ണിമചിമ്മാതെ കാവല്‍ നിന്നീടേണം.
ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം നീയുറങ്ങുക….”
ഈ നാലുവരികവിത മതി യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രസക്തി ഏവരെയും ബോധ്യപ്പെടുത്താന്‍. വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടിയില്‍ തന്റെ പ്രസംഗത്തിനിടെ കെ.എന്‍.എ ഖാദര്‍ ചൊല്ലിയ ഒ.എന്‍.വി ഈ കവിത മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ തന്നെയാണ് വേങ്ങരയിലെ വോട്ടര്‍മാരോട് യു.ഡി.എഫിന് സംവദിക്കാനുള്ളത്. ഇന്ത്യയില്‍ സാധാരണക്കാരന് സ്വസ്ഥമായി ഉറങ്ങാന്‍, ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ജനമനസ്സുകളെ വര്‍ഗീയമായി കീറിമുറിച്ച് ഭയം വളര്‍ത്തി സ്വേച്ഛാധിപത്യത്വം നിലനിര്‍ത്താന്‍ ഫാസിസം സര്‍വ തന്ത്രങ്ങളും പ്രയോഗിക്കുന്നു. ഇതിന് ഇടതുപക്ഷം ചൂട്ടുപിടിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിയെ ദുര്‍ബലപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ ഓരോ ശ്രമങ്ങളും സംഘപരിവാര്‍ ശക്തികള്‍ക്കുള്ള ഇന്ധനമായി മാറുന്നു. ഇതിനെതിരെയാണ് വേങ്ങരക്ക് അടുത്ത പതിനൊന്നിന് പ്രതികരിക്കാനുള്ളത്. കുറിക്കുകൊള്ളുന്ന വാക്കുകളുമായി സ്ഥാനാര്‍ത്ഥി ഒരു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമെന്തെന്ന് വ്യക്തമാക്കി. മതേതരത്വവും സാഹോദര്യവുമാണ് വേങ്ങരയുടെ ജീവവായു. അത് കൊണ്ട് തന്നെ എന്നും ഈ മണ്ണ് യു.ഡി.എഫിനൊപ്പമാണ്. സ്ഥാനാര്‍ത്ഥിയെ കാണാന്‍ പ്രസംഗം കേള്‍ക്കാനും അങ്ങാടികൡലെല്ലാം നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
വേങ്ങര പഞ്ചായത്തില്‍ രാവിലെ 8.30 ന് അരീക്കുളം കോളനിയില്‍ നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ പര്യടനം തുടങ്ങിയത്. കോളനിയില്‍ സ്ത്രീകളും കുട്ടികളും രാവിലെ തന്നെ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. അരീക്കുളം അങ്ങാടിയില്‍ പര്യടനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കാത്തുനിന്നവരോട് കുശലം പറഞ്ഞും കവലകളിലെ കച്ചവടസ്ഥാപനങ്ങളില്‍ കയറിയിറങ്ങിയും സ്ഥാനാര്‍ത്ഥി ഓരോ വോട്ടര്‍മാരെയും നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ച് പിന്തുണ ഉറപ്പാക്കി. തെരഞ്ഞെടുപ്പിനോടടുക്കും തോറും വേങ്ങരയുടെ ഉത്സവലഹരി കൊടുമുടികയറുകയാണ്. നാടിന്റെ ആവശ്യങ്ങള്‍ സാക്ഷത്കരിച്ച ആത്മവിശ്വാസവുമായി യു.ഡി.എഫ് നേതാക്കള്‍ വേങ്ങരയില്‍ വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍ തങ്ങളുടെ ഇനിയുള്ള അഭിവൃദ്ധിക്കും യു.ഡി.എഫ് അധികാരത്തിലേറണമെന്നാണ് വേങ്ങരക്കാര്‍ക്ക് പറയാനുള്ളത്. സ്ഥാനാര്‍ത്ഥിയുടെ ഓരോ സന്ദര്‍ശനവും യു.ഡി.എഫിന്റെ ചരിത്ര വിജയത്തിലേക്കുള്ള ചവിട്ടുപടിയാവുകയാണ്.
തറയിട്ടാല്‍, സഊദി നഗര്‍, കുറുക, പുലരി, ചുള്ളിപ്പറമ്പ്, ആശാരിപ്പടി, മുണ്ടക്കറമ്പ്, മനാട്ടി, ചെനക്കല്‍, ആയിശാബാദ്, പുത്തനങ്ങാടി, അരീക്കപ്പള്ളിയാളി, പൂക്കളം ബസാര്‍, പാറമ്മല്‍, അടക്കാപുര, മുതലമാട്, കാളിക്കടവ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഉച്ചക്ക് ശേഷം തേര്‍ക്കയം, പാണ്ടികശാല, തട്ടാഞ്ചേരിമല, മദ്‌റസാ അങ്ങാടി, കെ.പി.എം ബസാര്‍, കുന്നുമ്മല്‍, മണ്ണില്‍പിലാക്കല്‍, കൂരിയാട്, ആസാദ് നഗര്‍, കൊടുവായൂര്‍, കക്കാടംപുറം, കുറ്റൂര്‍ നോര്‍ത്ത്, ബാലന്‍ പീടിക, ഗാന്ധിക്കുന്ന്, ഗാന്ധിക്കുന്ന് കോളനി, കണ്ണാട്ടിപ്പടി, ജവാന്‍കോളനി, ഇരുകുളം, മാടംചിന എന്നിവിടങ്ങളില്‍ പര്യടനം നടത്തി പാക്കടപ്പുറായയില്‍ സമാപിച്ചു. ഇന്ന് ഉച്ചക്ക് ശേഷം നെല്ലിപ്പല്‍ നിന്നാണ് വേങ്ങര പഞ്ചായത്തിന്റെ മറ്റുഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പര്യടനം.
സ്ഥാനാര്‍ത്ഥി പര്യടനങ്ങള്‍ക്കൊപ്പം കുടുംബസംഗമങ്ങളും യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് ആവേശം പകരുന്നതായി. കേരളത്തിന്റെ ജനകീയനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സാന്നിധ്യം കുടുംബയോഗങ്ങളെ ബഹുജനസംഗമവേദികളാക്കി. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനും വിലക്കയറ്റംകൊണ്ട് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്ത ഇടതു സര്‍ക്കാറിനും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് വഴിനടത്തുന്ന കേന്ദ്ര സര്‍ക്കാറിനും ഉപതെരഞ്ഞെടുപ്പിലൂടെ കനത്ത മറുപടി നല്‍കണമെന്ന് ഇരുവരും ആഹ്വാനം ചെയ്തു. ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംയൂത്ത്തലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, ടി.വി ഇബ്രാഹീം, പി.കെ ബഷീര്‍, അഡ്വ.എം. ഉമ്മര്‍ എം.എല്‍.എയും മണ്ഡലത്തിലെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.