X

പരിചയവും സൗഹൃദവും പുതുക്കി വേങ്ങരയില്‍ ഖാദറിന്റെ പ്രചാരണം

അനീഷ് ചാലിയാര്‍

വേങ്ങര ടൗണിലെ ആഫിയ മെഡിക്കല്‍ ഷോപ്പ് ഉടമ കുഞ്ഞാണിക്ക് ആ ശബ്ദം കേട്ട് നല്ല പരിചയമുണ്ടായിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ കുഞ്ഞാണി തിരിച്ചറിഞ്ഞു വന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഖാദറാണെന്ന്. അടുത്തെത്തി കൈപിടിച്ച് സംസാരിക്കുമ്പോള്‍ കുഞ്ഞാണിയുടെ മുഖത്ത് തെളിഞ്ഞ സന്തോഷത്തിന് പത്തരമാറ്റായിരുന്നു. കാഴ്ചയുണ്ടായിരുന്ന സമയത്ത് ഖാദര്‍ സാഹിബിനെ വീട്ടിലെത്തി കാണാന്‍ ചെന്നിരുന്നതും എല്ലാം ഓര്‍മകള്‍ പുതുക്കി. അന്ന് പക്ഷെ കുഞ്ഞാണിക്ക് കാഴ്ചയുണ്ടായിരുന്നു. പ്രാവസത്തിനിടക്ക് അസുഖംബാധിച്ച് എട്ടു വര്‍ഷം മുമ്പാണ് കാഴ്ച നഷ്ടപ്പെട്ടത്. വൈകല്യമുണ്ടെങ്കിലും നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചൊക്കെ കൃത്യമായ ബോധ്യമുണ്ട് കുഞ്ഞാണിക്ക്.

സ്ഥാനാര്‍ത്ഥിയായ വിവരമറിഞ്ഞതുമുതല്‍ വേങ്ങരയിലെത്തുമ്പോള്‍ നേരിട്ട് സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു കുഞ്ഞാണി. തന്റെ സൗഹൃദ വലയത്തിലുള്ള മുഴുവന്‍ പേരുടെയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. പിന്തുണതേടി വേങ്ങര മണ്ഡലത്തിലെ മുക്കിലും മൂലയിലും സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെത്തുമ്പോള്‍ അവിടെ സൗഹൃദത്തിന്റെയും സ്‌നേഹോഷ്മള സ്വീകരണത്തിന്റെയും നിമിഷങ്ങളായി അത് മാറുന്നു. വേങ്ങര മാര്‍ക്കറ്റിലും പരിസരങ്ങളിലും ഇന്നലെ കച്ചവടക്കാരെയും ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു.

വിലക്കയറ്റവും നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും കച്ചവട സ്ഥാപനങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്ന തരത്തിലേക്കെത്തിയെന്നും കച്ചവടക്കാര്‍ വേവലാതിപ്പെട്ടു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ വേങ്ങരയിലെ സാധാരണക്കാരുടെയും സര്‍ക്കാറുകളുടെ തലതിരിഞ്ഞ നയങ്ങള്‍കൊണ്ട് ജീവിതമാര്‍ഗം വഴിമുട്ടിയ ചെറുകിട കച്ചവടക്കാരുടെയും പിന്തുണ തങ്ങളുടെ ക്ഷേമത്തിന് എന്നും കൂടെ നിന്നിട്ടുള്ള യു.ഡി.എഫിനാണെന്ന് അവര്‍ വ്യക്തമാക്കി. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി നടപ്പാക്കിയ തുല്യതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി താന്‍ അര്‍പ്പണ ബോധത്തോടെ വേങ്ങരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. ഇന്നലെ രാവിലെ 8 മണിയോടെയാണ് സ്ഥാനാര്‍ത്ഥി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇതിനിടയില്‍ പറപ്പൂര്‍ ഇരിങ്ങല്ലൂരിലെ മരണവീട്ടില്‍ സന്ദര്‍ശനം നടത്തി. ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം 10 മണിയോടടുത്ത് കുറ്റാളൂരിലെ ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായിരുന്നു ഉദ്ഘാടകന്‍. പിന്നീട് വേങ്ങര നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉച്ചയോടെ പറപ്പൂര്‍, വേങ്ങര, ഒതുക്കുങ്ങല്‍, ഊരകം, എ.ആര്‍ നഗര്‍ പഞ്ചായത്തുകളിലായി ഒമ്പത് കല്യാണ വീടുകളിലെത്തി സല്‍ക്കാരത്തിനെത്തിയവരെയും വധൂവരന്മാരെയും നേരില്‍ കണ്ട് പിന്തുണ തേടി. പിന്നീട് കണ്ണമംഗലത്തെ മരണവീട്ടിലും സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കുഴിപ്പുറം, മൂലപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലടക്കം ബൂത്ത് തല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു.

chandrika: