X

വേങ്ങരയില്‍ പരാജയം സമ്മതിച്ച് എല്‍.ഡി.എഫ്

പി.എ അബ്ദുല്‍ ഹയ്യ്

മലപ്പുറം: വ്യാജ പ്രചരണങ്ങള്‍ അടിച്ചിറക്കി വോട്ടര്‍മാരെ തളര്‍ത്താന്‍ ശ്രമിച്ച എല്‍.ഡി.എഫിന് വേങ്ങര നല്‍കിയത് കനത്ത പ്രഹരം. മണ്ഡലം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിങ് നല്‍കിയാണ് വോട്ടര്‍മാര്‍ ഇടതിന് മറുപടി നല്‍കിയത്. ആറ് പഞ്ചായത്തുകളിലുമനുഭവപ്പെട്ട ഉയര്‍ന്ന പോളിങ് ഇടതു ക്യാമ്പിനെ ആശങ്കയിലാഴ്ത്തി. ഇന്നലെ വരെ വിജയ പ്രതീക്ഷ പങ്കുവെച്ച ജില്ലയിലെ സി.പി.എം നേതാക്കള്‍ക്ക് മിണ്ടാട്ടം നിലച്ചതും ഇതു കാരണമാണെന്നാണ് വിലയിരുത്തല്‍. ഇന്നലെ വാര്‍ത്താ മാധ്യമങ്ങളെ കണ്ട സി.പി.എം ജില്ലാ സെക്രട്ടറി പരാജയം സമ്മതിച്ചതും കാത്തിരിക്കുന്ന പരാചയത്തിന്റെ ആഘാതം കുറക്കാനാണെന്നും ആരോപണമുണ്ട്.

യു.ഡി.എഫ് മുന്‍തൂക്കമുള്ള പ്രദേശങ്ങളിലെത്തി വോട്ടര്‍മാരെ മനം മടുപ്പിക്കുന്ന പ്രചാരണങ്ങളാണ് സി.പി.എം നടത്തിയത്. എല്‍.ഡി.എഫിന് വോട്ടില്ലേലും യു.ഡി.എഫിന് വോട്ടു ചെയ്യരുതെന്ന് കാമ്പയിനില്‍ ഉടനീളം ഇവര്‍ ഉയര്‍ത്തിക്കാട്ടി. ഭൂരിപക്ഷം കുറച്ച് സര്‍ക്കാറിന്റെ മുഖം രക്ഷിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. അനാവശ്യമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് എന്ന പറഞ്ഞാണ് ആദ്യം എല്‍.ഡി.എഫ് വോട്ടര്‍മാര്‍ക്കിടയിലേക്ക് പ്രചാരണത്തിനറങ്ങിയത്. എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നതോടെ ആ വിഷയം പിന്‍വലിച്ചു.
വേങ്ങരയില്‍ വികസനമില്ലെന്ന് പറഞ്ഞും പ്രചരണം സജീവമാക്കി. എന്നാല്‍ അക്കമിട്ട് മറുപടിയുമായി വീണ്ടും യുഡി.എഫ് രംഗത്തെത്തി. റോഡും പാലവും മാത്രമല്ല വികസനമെന്നും എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടി. പി.കെ കുഞ്ഞാലികുട്ടി നല്‍കിയ വികസനങ്ങളുടെ കണക്കെടുത്താല്‍ വേങ്ങരയുടെ ഉള്ളകം ഒരോ വോട്ടര്‍ക്കും വ്യക്തമാകുമെന്ന് യു.ഡി.എഫ് നേതാക്കള്‍ മറുപടി നല്‍കി. വ്യാജ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന അസ്ത്രങ്ങളുമായാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രചാരണ ഗോഥയില്‍ സജീവമായത്.
വോട്ടര്‍മാരുടെ മനസ്സു തളര്‍ത്തും വിധം പോളിങ് സ്‌റ്റേഷനുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമമണ്ടായി. സമാധാനപരമായി വോട്ടെടുപ്പ് നടന്ന ഇരുപതോളം പോളിങ് ബൂത്തുകളിലാണ് പൊലീസ് നിലയുറപ്പിച്ച് സമാധാനം തകര്‍ത്തത്. സ്ത്രീകളടക്കം നിരവധിപേര്‍ ഇതു ഭയന്ന് വോട്ടു ചെയ്യാനെത്തിയില്ല. പോളിങ് ശതമാനം കുറക്കുക എന്ന ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നാണ് സൂചന. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ വേങ്ങര, കണ്ണമംഗലം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലാണ് പൊലീസിന്റെ അകാരണ നായാട്ട് നടന്നത്. ഇതിനു പിറകെ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ച് നടന്ന സോളാര്‍ കേസ് വിഷയവും വേങ്ങര മാത്രം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്.
പരാജയം ഘടകകക്ഷികളുടെ മേല്‍ ചാരാനും സി.പി.എം ശ്രമം നടക്കുന്നുണ്ട്. ഘടകകക്ഷികളില്‍ നിന്നും കാര്യമായ സഹകരണം ഉണ്ടായില്ലെന്ന അഭിപ്രായം ഇന്നലെ ഉയര്‍ന്നിട്ടുണ്ട്. ഭരണ പരാജയം, വിലക്കയറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.ഡി.എഫ് നന്നായി അവതരിപ്പിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ പോയതായും സി.പി.എം പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന രീതിയില്‍ ചില നേതാക്കളുടെ അഭിപ്രായത്തിനും വേങ്ങരയില്‍ വിലയില്ലെന്നും സി.പി.എം ക്യാമ്പ് തന്നെ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഒരു ചലനം സൃഷ്ടിക്കാതെ പോയതും രാഷ്ട്രീയ കേരളത്തിന് വേങ്ങര നല്‍കുന്ന മുന്നറിയിപ്പാണ്.

chandrika: