X

വേങ്ങര ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കുന്നു

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ കാദര്‍

പി.എ അബ്ദുല്‍ ഹയ്യ്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സര്‍ക്കാറിന് കൂനിന്‍മേല്‍ കുരുവാകുന്നു. പൊതുജനങ്ങളില്‍ നിന്നുയരുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ക്കൊപ്പം പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ പോലും സര്‍ക്കാറിന്റെ വിഴുപ്പലക്കല്‍ ചടങ്ങായി മാറിയതോടെ നേതൃത്വം വെട്ടിലായി. പ്രചാരണത്തിന് കാര്യമായി സി.പി.എം നേതാക്കളെത്താത്തത് ഇതു കാരണമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ സമ്മേളനങ്ങള്‍ പലതും തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
അവസാനമായി സമാപിച്ച പള്ളിക്കല്‍ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇതിന് ഉദാഹരണമാണ്. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (ലൈഫ്) യുടെ ഗുണഭോക്ത്യപട്ടികയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഇടം ലഭിക്കാത്തത് സംബന്ധിച്ചാണ് കാര്യമായ വിമര്‍ശനം. റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതക്കെതിരെയും ഓണം സ്‌പെഷ്യല്‍ അരിയും പഞ്ചസാരയും വിതരണം ചെയ്യാത്തും പകര്‍ച്ച പനിയടക്കമുള്ള മാരക രോഗങ്ങള്‍ ജില്ലയെ വേട്ടയാടിയിട്ടും കാര്യമായ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കാത്തതും സര്‍ക്കാറിന്റെ വീഴ്ചയായി മലപ്പുറത്തെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാപക സ്ഥലം മാറ്റം നടത്തിയത്് മൂലം കാര്യമായ വികസനങ്ങളൊന്നും നാട്ടില്‍ നടപ്പായിട്ടില്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ തുറന്നടിച്ചതോടെ ഉത്തരം മുട്ടി നേതാക്കള്‍ വെള്ളം കുടിച്ചു. മാധ്യമങ്ങള്‍ വഴി ബ്രാഞ്ച് സമ്മേളന വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും പല പ്രമുഖ മാധ്യമങ്ങളും കഴിഞ്ഞ ദിവസം വാര്‍ത്തായാക്കിയിട്ടുണ്ട്്. ഇതോടെയാണ് സമ്മേളനങ്ങള്‍ മാറ്റിവെക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്.
വീടിന്റെ സഹായധനം ആവശ്യമുള്ളവരില്‍ പലരും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് കാര്യമായി അംഗങ്ങള്‍ ഉന്നയിച്ച പരാതി. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വേ നടത്തുവാന്‍ സര്‍ക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകരെയാണ് ആദ്യം ഏല്‍പിച്ചിരുന്നത്. ഇവര്‍ തയ്യാറാക്കിയ പട്ടികയില്‍ പല അര്‍ഹരും പുറത്തായിരുന്നു. പട്ടികയില്‍ ഉള്‍പ്പെടാത്തവരില്‍ നിന്നും വീണ്ടും അപേക്ഷ സ്വീകരിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി പുതിയ പട്ടിക തയ്യാറാക്കി. ഇതില്‍ അനര്‍ഹര്‍ നിരവധി കടന്ന് കൂടി. എന്നാല്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ശരിയായില്ലെന്നും ഗ്രാമസഭകള്‍ വഴി ജനാധിപത്യ രീതിയില്‍ തെരെഞ്ഞടുക്കേണ്ടിയിരുന്നുവെന്നും അംഗങ്ങള്‍ സമ്മേളനങ്ങളില്‍ വിമര്‍ശനമുയത്തി. യാഥാര്‍ഥത്തില്‍ വീടില്ലാത്തവര്‍ വീടുപണി പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ മറ്റോ താല്‍കാലികമായി താമസിക്കുന്നവര്‍ എന്നീ വിഭാഗത്തില്‍പെട്ട നൂറുകണക്കിന് ആളുകള്‍ ഗുണ ഭോക്തൃപട്ടികയില്‍ നിന്ന് പുറത്താണെന്നും ഇത് സര്‍ക്കാറിന്റെ വന്‍ വീഴ്ചയാണ് സംഭവിച്ചതെന്നും യോഗം വിലയിരുത്തി.
ചരിത്രത്തില്‍ ആദ്യമായി സ്‌പെഷല്‍ പഞ്ചാസാരയും അരിയും നല്‍കാത്ത ഓണമാണ് കഴിഞ്ഞു പോയതെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സി.പി.എം പ്രവര്‍ത്തകര്‍ക്ക് തലയുയര്‍ത്തി നാട്ടില്‍ നടക്കാന്‍ കഴിയാത്ത വിധം നാണക്കേടാണ് ഇതിലൂടെയുണ്ടായത്. വിലയ വായില്‍ പ്രഖ്യാപനം നടത്തിയെന്നല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും ഇനിയും ഈ ഗതി തുടര്‍ന്നാല്‍ ജനം താഴെയിറക്കുമെന്നും ബ്രാഞ്ച് സമ്മേളനങ്ങള്‍ താക്കീത് നല്‍കി. കൂടുതല്‍ തസ്തിക സൃഷ്ടിക്കുകയോ ചെയ്യാതെ ജില്ലയുടെ ആരോഗ്യമേഖലയെ തകര്‍ക്കുന്ന നയമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് 25 കിലോ അരി മാസം ലഭിച്ചിരുന്ന പല കുടുംബങ്ങള്‍ ഇന്ന് എട്ട് കിലോ അരിയാണ് വാങ്ങുന്നത്. ഇതില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് ഇവരെ ചൊടിപ്പിക്കാന്‍ കാരണമായത്.
46 ലക്ഷം വരുന്ന ജനസംഖ്യയുള്ള മലപ്പുറത്ത് ആരോഗ്യ മേഖലയില്‍ കടുത്ത അവഗണനായാണുള്ളതെന്നും യോഗം വിലയിരുത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം നിലവില്‍ ലഭിച്ചിരുന്ന പല സൗകര്യങ്ങളും നിലച്ചിട്ടുണ്ട്. മഞ്ചേരിയില്‍ ഒരു ജനറല്‍ ആസ്പത്രി, തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആസ്പത്രികള്‍, എട്ടോളം താലൂക്ക് ആസ്പത്രികളും 20 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും, 86 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഇവിടങ്ങളിലാകെ 421 ഡോക്ടര്‍മാരും 2627 രോഗികളെ മാത്രം കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും മാത്രമാണുള്ളത്. എന്നാല്‍ ഇത്രയും സൗകര്യങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ പതിന്മടങ്ങ് രോഗികളാണ് ഓരോ ദിവസവും ചികിത്സ തേടിയെത്തുന്നത്. ജനസംഖ്യാനുപാതികമായി കൂടുതല്‍ ഡോക്ടര്‍മാരെ വേണമെന്ന മുറവിളി ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലക്ക് വേണ്ടത് 6808 കിടക്കകളും 646 ഡോക്ടര്‍മാരെയുമാണ്. 4000 ത്തോളം കിടക്കകളും 200 ഓളം ഡോക്ടര്‍മാരുടേയും കുറവാണ് നിലവിലുള്ളത്. ഇത് പരിഹരിച്ചില്ലെങ്കില്‍ ഇടതു സര്‍ക്കാര്‍ കാലത്തെ രോഗ മരണം കൂടുമെന്നും അംഗങ്ങള്‍ പറയുന്നു. എന്നാല്‍ എന്നെ തല്ലണ്ടമ്മാവ ഞാന്‍ നന്നാവൂല എന്ന രീതിയിലാണ് സര്‍ക്കാറിന്റെ പ്രയാണം.

chandrika: