വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ഭരണം വിലയിരുത്തുമോ ഇല്ലയോ. പ്രചാരണ ചൂടിലേക്ക് നീങ്ങുന്ന വേങ്ങരയില്‍ ഇടതുമുന്നണിയെ അലട്ടുന്ന തലവേദനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നാണ് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവര്‍ത്തിച്ച് പറഞ്ഞു പോയത്. എന്നാല്‍ ഇന്നലെ മണ്ഡലത്തിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണി തറപ്പിച്ചു പറഞ്ഞതാവട്ടെ ഇടത് സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തുമെന്നാണ്, ഒന്നേകാല്‍ വര്‍ഷത്തെ ഇടത് ഭരണം വേങ്ങരയില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയും മണി പ്രകടിപ്പിച്ചു.
സര്‍ക്കാറിന്റെ പ്രവര്‍ത്തനം വേങ്ങരയില്‍ പുറത്തെടുക്കുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. ജനങ്ങളില്‍ നിന്നും കൂടുതല്‍ തിരിച്ചടി ഭയന്നാണ് സി.പി.എം -സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ തന്ത്രപൂര്‍വം വിലയിരുത്തല്‍ പ്രയോഗത്തില്‍ നിന്നും മാറിയത്. കഴിഞ്ഞ ഏപ്രിലില്‍ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഭരണത്തിന്റെ വിലയിരുത്തല്‍ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. വിലയിരുത്തുമെന്ന് പറഞ്ഞ നേതാക്കള്‍ക്ക് ഒടുവില്‍ പിന്‍മാറേണ്ടി വന്നു. അതു കൊണ്ടു തന്നെയാണ് വേങ്ങരയില്‍ തുടക്കില്‍ തന്നെ ഇടത് ഭരണത്തിന്റെ വിലയിരുത്തലില്‍ നിന്നും സി.പി.എം മാറി നിന്നത്. ഇതാണ് ഇന്നലെ മന്ത്രി എം.എം മണി പൊളിച്ചെടുത്തത്. സര്‍ക്കാര്‍ കുറെ കാര്യങ്ങള്‍ ചെയ്തുവെന്ന മട്ടിലാണ് എംഎം മണി. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മണി കാര്യമാക്കുന്നില്ല. സര്‍ക്കാറിനെതിരെ വിരുദ്ധ വികാരമാണുള്ളതെന്ന മണ്ഡല ചിത്രം മണിക്ക് അറിയുന്നില്ല.
മലപ്പുറം ലോക്‌സഭാ ഉപെതരഞ്ഞെടുപ്പിലും മണിയുടെ പ്രസ്താവനകള്‍ ഇടതുമുന്നണിക്ക് ഏറെ തലവേദനയുണ്ടാക്കിയിരുന്നു. പ്രചാരണപരിപാടിക്കിടെ മലപ്പുറത്ത് വെച്ച് നിവേദനം വാങ്ങിയതും ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ നടത്തിയ പ്രസംഗവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്നാണ് എല്ലാ മാധ്യമ പ്രവര്‍ത്തകരും വേങ്ങരയില്‍ ഇടതുമുന്നണി നേതാക്കളോട് ചോദിക്കുന്നത്. ഈ ചോദ്യത്തിനു മുന്നില്‍ ഇടത് നേതാക്കള്‍ കുടുങ്ങിയിരിക്കുകയാണ്. ചില നേതാക്കള്‍ പറയുന്നു ഭരണം വിലയിരുത്തപ്പെടുമെന്ന്. മറ്റു ചിലര്‍ പറയുന്നു ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നും.
ഇടതു മുന്നണിയിലെ അഭിപ്രായ ഭിന്നത പ്രചാരണത്തിലും മറ നീക്കി പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വേങ്ങരയില്‍ നടന്ന മണ്ഡലം ഇടതു മുന്നണി കണ്‍വന്‍ഷനില്‍ നിന്നും ജില്ലയിലെ സിപിഎം -ഇടത് എംഎല്‍മാരും മന്ത്രിയും വിട്ടു നിന്നത് പ്രവര്‍ത്തകരിലും വോട്ടര്‍മാരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കണ്‍വന്‍ഷനില്‍ നിന്നും മാറി നിന്നത് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സ്വതന്ത്രര്‍ തയ്യാറായില്ല. അഡ്വ പിപി ബഷീറിനെ വീണ്ടും മത്സരിപ്പിക്കരുതായിരുന്നുവെന്നാണ് ഭുരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടത്. എല്ലാവരും ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥി അഡ്വ:കെ.എന്‍.എ ഖാദറിനോട് ഏറ്റുമുട്ടുന്നതില്‍ നിന്നും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ മാറി നിന്നത് ശരിയായില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം. ഗ്രാമപഞ്ചായത്ത് തെരഞെടുപ്പില്‍ പോലും പരാജയപ്പെട്ടയാളാണ് ബഷീര്‍. അങ്ങിനെയൊരാളെ മത്സരിപ്പിക്കുന്നത് വോട്ടുകള്‍ വന്‍തോതില്‍ ഇടതുമുന്നണിക്ക് എതിരായി മാറ്റുമെന്ന് സിപിഎമ്മില്‍ നല്ലൊരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.