മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരവും ചീഫ് സിലക്ടറുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍ രംഗത്ത്. ബിസിസിഐ പ്രസിഡന്റായ ഗാംഗുലി, ബോര്‍ഡുമായി ബന്ധപ്പെട്ട് മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവരുടെ അധികാരപരിധിയില്‍ കയറി തലയിടുന്നുവെന്നാണ് വെങ്‌സര്‍ക്കാരിന്റെ ആക്ഷേപം. ചീഫ് സിലക്ടര്‍, ഐപിഎല്‍ ചെയര്‍മാന്‍ തുടങ്ങിയവര്‍ ചെയ്യേണ്ട ജോലികളും ഗാംഗുലി സ്വയം ഏറ്റെടുത്ത് ചെയ്യുകയാണെന്ന് വെങ്‌സര്‍ക്കാര്‍ ആരോപിച്ചു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തിയ സംഭവത്തില്‍ ഉള്‍പ്പെടെ ചീഫ് സിലക്ടര്‍ക്കു പകരം ഗാംഗുലി പരസ്യ പ്രതികരണം നടത്തിയതാണ് വെങ്‌സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ‘ഗാംഗുലി ഒരേ സമയം ഒട്ടേറെപ്പേരുടെ ജോലികള്‍ ചെയ്യുന്നത് വിസ്മയിപ്പിക്കുന്നു. ചില സമയത്ത് അദ്ദേഹം ചീഫ് സിലക്ടര്‍ സുനില്‍ ജോഷി പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍വന്ന് പറയും. എന്തുകൊണ്ടാണ് ‘എക്‌സ്’ ടീമിലില്ലാതെ പോയത്, ‘വൈ’ ടീമിനു പുറത്തായത്, ‘സെഡ്’ ടീമിലേക്ക് പരിഗണിക്കപ്പെടാതെ പോയത് എന്നെല്ലാം അദ്ദേഹമാണ് വിശദീകരിക്കുന്നത്’ വെങ്‌സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
‘ക്രിക്കറ്റ് ഭരണം എല്ലാക്കാലത്തും മുന്‍ താരങ്ങളാണ് ചെയ്യേണ്ടതെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതുകൊണ്ടുതന്നെ ഗാംഗുലിയില്‍നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നുമുണ്ട്. പക്ഷേ, ഇതുവരെ കണ്ടതെല്ലാം വച്ചു നോക്കുമ്പോള്‍ എന്റെ മനസ്സു മാറ്റേണ്ടിവരുമെന്ന് തോന്നുന്നു’ വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയധികം ചര്‍ച്ചകള്‍ക്ക് വഴിവച്ചതില്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തെയും വെങ്‌സര്‍ക്കാര്‍ വിമര്‍ശിച്ചു.