ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് സമനില കുരുക്ക്. വെനെസ്വേലയാണ് ചാമ്പ്യന്‍മാരെ സമനിലയില്‍ കുരുക്കിയത്(11). 13ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയിലൂടെ മുന്നിലെത്തിയെങ്കിലും 65ാം മിനിറ്റില്‍ സാലോമോണ്‍ റോണ്‍ഡോണ്‍ വെസ്വേലക്കായി സമനിലനേടികൊടുത്തു. ലയണല്‍ മെസി കളിച്ചിട്ടും നീലപടക്ക് വിജയിക്കാനായില്ല.
യെഫോഴ്‌സണ്‍ സോറ്റെല്‍ഡോയുടെ ക്രോസില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് സാലോമോണ്‍ വെനസ്വേലക്ക് സമനില സമ്മാനിച്ചത്. മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ പാസിംഗ് കൃത്യത ലഭിക്കാതിരുന്നത് അര്‍ജന്റീനക്ക് തിരിച്ചടിയായി. സമനിലയായെങ്കിലും ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 9 കളികളില്‍ 19 പോയന്റുമായി അര്‍ജന്റീന തന്നെയാണ് മുന്നില്‍.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ അവസാന മിനിറ്റിലെ ഗോളില്‍ ചിലിയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കാനറിപടയുടെ വിജയം. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം മിനിറ്റില്‍ എഡ്വേര്‍ഡോ വര്‍ഗാസിന്റെ ഗോളിലൂടെ ചിലി ബ്രസീലിനെ ഞെട്ടിച്ചു.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഗോര്‍ ജീസസ് ബ്രസീലിന് സമനില ഗോള്‍ നേടികൊടുത്തു.
89ാം മിനിറ്റില്‍ ലൂയിസ് ഹെന്റിക്വെ ആണ് വിജയ ഗോള്‍ നേടിയത്.ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ബ്രസീല്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മറ്റൊരു കളിയില്‍ കൊളംബിയ ബൊളീവിയയോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബൊളീവിയയുടെ ജയം. 58ാം മിനിറ്റില്‍ മിഗ്വേല്‍ ടെര്‍സെറോസ് ആണ് ബൊളീവിയയുടെ വിജയഗോള്‍ നേടിയത്.