ഇസ്തംബൂള്‍: റിഫൈന്‍ ചെയ്യുന്നതിനായി വന്‍തോതില്‍ സ്വര്‍ണം കയറ്റുമതി ചെയ്യാന്‍ വെനിസ്വേലയും തുര്‍ക്കിയും തമ്മില്‍ ധാരണയായി. അമേരിക്കയുടേതടക്കമുള്ള ഉപരോധങ്ങള്‍ക്കിടെയാണ് തുര്‍ക്കിയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലാറ്റിനമേരിക്കന്‍ രാജ്യം തീരുമാനിച്ചിരിക്കുന്നത്. അസംസ്‌കൃത സ്വര്‍ണം തുര്‍ക്കിയിലെ കോറം നഗരത്തില്‍ റിഫൈന്‍ ചെയ്യുകയും പകരമായി വിവിധ പദ്ധതികള്‍ക്കുള്ള നിക്ഷേപം സ്വീകരിക്കുകയുമാണ് വെനിസ്വേലയുടെ ലക്ഷ്യം. ഉപരോധങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ട് മറികടക്കാന്‍ ഇതുകൊണ്ട് കഴിയുമെന്നാണ് നിക്കൊളാസ് മഡുരോ ഗവണ്‍മെന്റ് കണക്കുകൂട്ടുന്നത്.
തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുന്ന വെനസ്വേലന്‍ വ്യവസായ, ഉല്‍പ്പാദന മന്ത്രി തെരക് അല്‍ അയ്‌സാമി സ്വര്‍ണ കരാറിന്റെ അന്തിമ രൂപത്തില്‍ ഒപ്പുവെക്കും. കോറം നഗരത്തിലെ സ്വര്‍ണം സംസ്‌കരിക്കുന്ന അഹ്ലാത്കി മെറ്റലില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. പ്രതിവര്‍ഷം 365 ടണ്‍ സ്വര്‍ണം സംസ്‌കരിക്കാന്‍ ഇവിടെ സൗകര്യമുണ്ടെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബറില്‍ തുര്‍ക്കി പ്രസിഡണ്ട് ത്വയ്യിബ് ഉര്‍ദുഗാന്റെ വെനിസ്വേല സന്ദര്‍ശനത്തോടെയാണ് പുതിയ കരാറിന് തുടക്കമായത്. സൂക്ഷിക്കുന്നതിനായി ടണ്‍ കണക്കിന് സ്വര്‍ണം തുര്‍ക്കിയിലേക്ക് കയറ്റുമതി ചെയ്യുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍, പിന്നീട് ഇത് റിഫൈന്‍ ചെയ്യാനുള്ള ധാരണയില്‍ എത്തുകയായിരുന്നു.
വെനസ്വേലയും തുര്‍ക്കിയും തമ്മിലുള്ള പുതിയ ബന്ധം അമേരിക്കയെ ചൊടിപ്പിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ദക്ഷിണ അമേരിക്കയില്‍ സ്വാധീനമുറപ്പിക്കാന്‍ ഇത് തുര്‍ക്കിയെ സഹായിക്കും. വെനിസ്വേലയും കൊളംബിയയും തമ്മിലുള്ള തര്‍ക്കത്തില്‍ തുര്‍ക്കി മധ്യസ്ഥത വഹിച്ചിരുന്നു.