ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്‍ രംഗത്ത്. ദി കളര്‍ ഓഫ് മൈ ഹോം എന്ന പേരു നല്‍കിയ ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പിനായി അപേക്ഷ നല്‍കിയിട്ട് ആറുമാസമായി. എന്നാല്‍ ഓരോ ചെറിയ കാരണങ്ങള്‍ പറഞ്ഞ് സെന്‍സര്‍ അനുമതി നിഷേധിക്കുകയാണെന്നാണ് സംവിധായകരുടെ പരാതി. ഫറാ നഖ്‌വി , സഞ്ജയ് ബര്‍ണാല എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പിനായി അപേക്ഷ നല്‍കി.എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ അവര്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഇടയ്ക്ക് ഞങ്ങളുടെ ആധാര്‍ കാര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടു. പിന്നീട് ഒരിക്കല്‍ വീണ്ടും അപേക്ഷ നല്‍കാനും ഇവര്‍ പറയുകയുണ്ടായി. എന്നാല്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും സെന്‍സര്‍ഷിപ്പ് മാത്രം ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ സഞ്ജയ് ബര്‍ണാല പറഞ്ഞു.
ചിത്രം സര്‍ക്കാറിനെയോ അല്ലെങ്കില്‍ ഒരു പ്രത്യേക സമുദായത്തെയോ ലക്ഷ്യമിടുന്നതല്ല, വിദ്വേഷവും അക്രമവും അഴിച്ചുവിടുന്ന മനുഷ്യശരീരങ്ങളെ കുറിച്ചും അതിന് ഇരയായവരുടെ അതിജീവനത്തെ കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്. മുസാഫര്‍ നഗര്‍ കലാപത്തിനു ശേഷം വീട് നഷ്ടമായവര്‍ക്ക് പുതിയ വീട് മറ്റൊരു പ്രദേശത്ത് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കി. എന്നാല്‍ അവര്‍ ജനിച്ചു വളര്‍ന്ന സ്ഥലത്ത് അവരെ പുനരധിവസിപ്പിക്കുന്നതിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനാണ് ഭരണകൂടം നിര്‍ബന്ധിക്കുന്നത്, എന്തിനാണ് സര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നത്.. ബര്‍ണാല കൂട്ടിച്ചേര്‍ത്തു.
ചിത്രം ചിലയിടങ്ങളില്‍ സ്വകാര്യ പ്രദര്‍ശനങ്ങള്‍ നടത്തിയപ്പോള്‍ ഫെമിനിസ്റ്റ് ചരിത്രകാരന്‍ ഉമാ ചക്രവര്‍ത്തി, പ്രൊഫസര്‍ ഇര ഭാസ്‌കര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ തുടങ്ങിയവര്‍ മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും ബര്‍ണാല പറഞ്ഞു. സദ് ഭവന ട്രസ്റ്റ്, ഹുന്‍ഷശല ഫൗണ്ടേഷന്‍, ശ്രീശിര്‍ ഫിലിംസ്, സൃഷ്ഠി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഹിന്ദു ജാട്ട് വിഭാഗവും മുസ്‌ലീംകളും ഒന്നിച്ചു താമസിച്ചു വന്നിരുന്ന പ്രദേശമായിരുന്നു മുസഫര്‍ നഗര്‍. 2013 സെപ്റ്റംബറിലാണ് ഇവിടെ കലാപം ഉണ്ടായത്. കലാപത്തില്‍ മുസ്‌ലീം വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ മരിക്കുകയും അമ്പതിനായിരത്തിലധികം പേര്‍ക്ക് വീടും മറ്റും നഷ്ടമായി. കലാപത്തില്‍ അറുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടുത്തായാണ് സര്‍ക്കാര്‍ കണക്ക്.