X

വ്യക്തിത്വമാണ് അസ്തിത്വം- വെള്ളിത്തെളിച്ചം- ചന്ദ്രിക പംക്തി

ടി.എച്ച് ദാരിമി

ഇമാം ബുഖാരി(റ)യെകുറിച്ച് ഒരു കഥയുണ്ട്. അത് ഇങ്ങനെയാണ്. ഒരിക്കല്‍ ഒരു യാത്രയിലായിരുന്നു ഇമാമവര്‍കള്‍. യാത്ര അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു എന്ന് അദ്ദേഹത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് അറിയാം. നബി(സ)യുടെ ഹദീസുകള്‍ ഏറ്റവും ശ്രദ്ധയോടെ ലോകത്തിന്റെ മുമ്പിലേക്ക് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത സപര്യ. അതിനാല്‍ ഒരു ഹദീസ് ലഭിച്ചാല്‍ അത് ശരിയാണോ എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരുമായിരുന്നു. ഉറവിടങ്ങളില്‍ നേരിട്ട് പോയി അന്വേഷിക്കുക എന്നത് ആത്മാര്‍ഥരായ പണ്ഡിതരുടെ ശൈലിയാണ്. ഈ സംഭവത്തില്‍ ഇമാം യാത്ര ചെയ്യുന്നത് കപ്പലിലാണ്. ധാരാളം യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള കപ്പല്‍ മുന്നോട്ടുനീങ്ങുന്നതിനിടെ ഇമാം സഹയാത്രക്കാരനെ പരിചയപ്പെട്ടു. എന്തുകൊണ്ടോ ഇമാമിന് അയാളെ ബോധിച്ചു. അല്ലെങ്കില്‍ ഇമാമിന്റെ മനസ്സ് കവരാന്‍ മാത്രം മിടുക്കും സൂത്രവും അയാള്‍ക്കുണ്ടായിരുന്നു. ഇമാം അവര്‍കളുടെ അടുപ്പം ആത്മാര്‍ത്ഥമായിരുന്നു. മറ്റേ കക്ഷിക്ക് അതൊരു സൂത്രം മാത്രമായിരുന്നു എന്ന് പിന്നീട് മനസ്സിലാകും.
ഇമാം സഹയാത്രികനുമായി എല്ലാം പങ്കുവെച്ചു. അദ്ദേഹത്തിന്റെ കയ്യിലുള്ള കുട്ടയില്‍ ആയിരം പൊന്‍ നാണയം ഉണ്ടെന്നു വരെ. അത് വില കൂടിയ സ്വകാര്യമായിരുന്നു. അതു കേട്ടപ്പോള്‍ സഹയാത്രികന്റെ ഉള്ളില്‍ കുളിര്‍ പെയ്ത്തുണ്ടായി. അയാള്‍ അപ്പോള്‍ ഒന്നും പുറത്തുകാണിച്ചില്ല. പിറ്റേന്ന് അയാള്‍ സൂത്രം പുറത്തെടുക്കുകതന്നെ ചെയ്തു. മറ്റു യാത്രികരുടെ മുമ്പില്‍ കണ്ണും തലയുമെടുത്ത് അയാള്‍ നിലവിളിക്കാന്‍ തുടങ്ങി. ഓടിക്കൂടിയ ആള്‍ക്കാരോട് അയാള്‍ തന്റെ ആയിരം സ്വര്‍ണനാണയം അടങ്ങിയ കുട്ട നഷ്ടപ്പെട്ടു എന്നു പറഞ്ഞ് നെഞ്ചത്തടിക്കാന്‍ തുടങ്ങി. കേട്ടവര്‍ കേട്ടവര്‍ സംഭവ സ്ഥലത്ത് ഓടിക്കൂടി. കപ്പലിനുള്ളില്‍ പുതിയ വാര്‍ത്തയും വിവരവുമായി മാറി ആ സംഭവം. കപ്പലിലെ സുരക്ഷാഉദ്യോഗസ്ഥര്‍ വന്ന് അയാളെ ആദ്യം ആശ്വസിപ്പിച്ചു. അവര്‍ പറഞ്ഞു: കപ്പലിനുള്ളില്‍ ആണല്ലോ സംഭവം. അതിനാല്‍ പ്രശ്‌നമാക്കാനില്ല. അരിച്ചുപൊറുക്കി എല്ലാവരുടെ ഭാണ്ഡങ്ങളും പരിശോധിക്കാം. കളവു മുതല്‍ തിരിച്ചുകിട്ടാതിരിക്കില്ല. സംഭവങ്ങളെല്ലാം ഇമാം അവര്‍കള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സഹയാത്രികന്റെ സൂത്രം ഇമാമിന് മനസ്സിലായി. ഈ തിരക്കുകള്‍ക്കിടയില്‍ സൂത്രത്തില്‍ ആരും കാണാതെ ഇമാം കയ്യിലുണ്ടായിരുന്ന സ്വര്‍ണനാണയത്തിന്റെ കുട്ട കടലിലേക്ക് എടുത്തിട്ടു. പരിശോധകര്‍ നന്നായി പരിശോധിച്ചിട്ടും കളവ് മുതല്‍ കിട്ടിയില്ല. അതിനാല്‍ അവര്‍ അവസാനം പറഞ്ഞു: ഇയാള്‍ കള്ളം പറയുകയായിരിക്കും എന്നതുറപ്പാണ്. അതോടെ സംഭവം അവസാനിച്ചു. സൂത്രക്കാരന്‍ സംശയത്തിന്റെ നിഴലിലായി.
നിശ്ചിത ദിവസത്തില്‍തന്നെ അവരുടെ കപ്പല്‍ ലക്ഷ്യമണഞ്ഞു. എല്ലാവരും തങ്ങളുടെ ഭാണ്ഡങ്ങളുമായി ഇറങ്ങി. ഈ സമയം സഹയാത്രികന്‍ ഇമാമിന്റെ അടുത്തുവന്ന് ചോദിച്ചു. അയാള്‍ക്ക് വലിയ ആശ്ചര്യം ഉണ്ടായിരുന്നു. താങ്കളുടെ സ്വര്‍ണനാണയം നിറച്ച കുട്ട താങ്കള്‍ എന്താണ് ചെയ്തത് എന്ന്. ഇമാം പറഞ്ഞു: ഞാനത് കടലിലേക്ക് ഇട്ടു. അയാള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ വിശ്വസിക്കാതിരിക്കാന്‍ യാതൊരു ന്യായവും അവിടെ ഇല്ലായിരുന്നു. അതിനാല്‍ അയാള്‍ ചോദിച്ചു ഇത്രയും വലിയ തുക കടലിലേക്ക് ഇടാന്‍ താങ്കള്‍ക്ക് എങ്ങനെ തോന്നി? ഇമാം പറഞ്ഞു: ഞാന്‍ നബി (സ) യുടെ ഹദീസുകള്‍ പഠിക്കുകയും പകര്‍ത്തുകയും അവ തികച്ചും ശരിയാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരാളും അങ്ങനെ ജനങ്ങളെല്ലാവരാലും അംഗീകരിക്കപ്പെടുന്ന ആളുമാണ്. എന്നെയെങ്ങാനും നീ ലക്ഷ്യംവെച്ചത് പോലെ ഈ കേസില്‍ പിടിച്ചിരുന്നുവെങ്കില്‍ എനിക്ക് നഷ്ടമാവുക എന്റെ വ്യക്തിത്വമായിരുന്നു. അതിനോളം വലുതല്ല എന്നെ സംബന്ധിച്ചിടത്തോളം ആയിരം പൊന്‍ നാണയങ്ങള്‍. സഹയാത്രികന്‍ ആ ധാര്‍മിക ചിന്തയുടെ മുന്‍പില്‍ തലതാഴ്ത്തി നിന്നു പോയി. (സീറത്തുല്‍ ഇമാം ബുഖാരി ശൈഖ് അബ്ദുസ്സലാം മുബാറക്പൂരി)
വ്യക്തിത്വം എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ഉണ്‍മയാണ്. കാരണം അതുണ്ടാവുമ്പോഴാണ് അവന്‍ മറ്റുള്ളവരില്‍നിന്ന് വേറിട്ട് സ്വയം നില്‍ക്കുന്നത്. മറ്റുള്ളവര്‍ക്ക്‌വേണ്ടി ഒരു ന്യായവുമില്ലാതെ വാദിക്കുക, വാക്കിലോ പ്രവര്‍ത്തിയിലോ കളവ്, ചതി, കാപട്യം തുടങ്ങിയവ പുലര്‍ത്തുക, ഒരാള്‍ ഒന്നു പറയുമ്പോള്‍ അതിനൊപ്പംകൂടി അതു പറയുക, നേരെ തിരിച്ച് മറ്റൊരാള്‍ മറ്റൊന്ന് പറയുമ്പോള്‍ അതും ഏറ്റുപറയുക, സ്വന്തം കാര്യങ്ങളില്‍ ധൈര്യമില്ലായ്മ പുലര്‍ത്തുക, സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാന്‍ മറ്റൊരാളെ ആശ്രയിക്കേണ്ടിവരിക, മറ്റൊരാളുടെ സഹായത്തെ ജീവിതത്തിന്റെ ആധാരവും സന്ധാരണ മാര്‍ഗവുമാക്കുക തുടങ്ങിയവയെല്ലാം വ്യക്തിത്വം ഇല്ലാത്തതുകൊണ്ട് ഉണ്ടാകുന്നതാണ്. വ്യക്തിത്വം ഉണ്ടെങ്കില്‍ മാത്രമാണ് മനുഷ്യനില്‍ അവന്റെ മനുഷ്യത്വംതന്നെ പൂര്‍ണമാവുന്നത്. വ്യക്തിത്വംകൊണ്ട് ലഭിക്കുന്ന നേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മളെക്കുറിച്ച് ധാരണ ഉണ്ടാക്കാം എന്നതാണ്. നമ്മളെക്കുറിച്ച്തന്നെ ഒരു വ്യക്തമായ ധാരണ ഉണ്ടെങ്കില്‍ മാത്രമാണ് എന്താണ് വേണ്ടത്, എന്താണ് നമ്മുടെ പ്രശ്‌നം, തന്റെ ഇഷ്ടങ്ങള്‍ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെല്ലാം സ്വയം മനസ്സിലാക്കാന്‍ കഴിയുക. മറ്റൊരു നേട്ടം സ്വയം വിലയിരുത്തലുകള്‍ നടത്താം എന്നതാണ്. നാം ചെയ്യുന്ന ഏതൊരു കാര്യത്തേയും സ്വയം വിലയിരുത്തുന്നത് നല്ലതാണ്. എന്നാല്‍ മാത്രമാണ്, എന്താണ് ചെയ്യേണ്ടത് അല്ലെങ്കില്‍ ഏതാണ് വേണ്ടാത്തത് എന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുപോലെ ഏതെല്ലാം ശരിയായിരുന്നു, ഏതെല്ലാം തെറ്റായിരുന്നു, തെറ്റ് ശരിയാകാനും ശരി കൂടുതല്‍ ശരിയാകാനും എന്തൊക്കെ ചെയ്യണം എന്ന് കണ്ടെത്താന്‍ ഇതുവഴി കഴിയും. ഇതിനനുസരിച്ചാണ് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാന്‍ കഴിയുക.
വ്യക്തിത്വമുള്ളവര്‍ക്ക് സ്വയം വിശ്വാസം വളര്‍ത്താന്‍ കഴിയും. മനുഷ്യന്റെ ഏതു പ്രവര്‍ത്തനത്തിന്റെയും പ്രചോദനം അവന്റെ ഉള്ളില്‍നിന്ന് വരുന്ന ആത്മധൈര്യമാണ്. എന്നെക്കൊണ്ട് പറ്റും, കഴിയും എന്ന് സ്വന്തം മനസ്സ് ധൈര്യം കൊടുക്കുമ്പോഴാണ് പ്രവര്‍ത്തനത്തിലേക്ക് ഓരോ വ്യക്തിയും കടക്കുക. അപ്രകാരംതന്നെ ഈ ആത്മവിശ്വാസംവഴി തന്റെ കഴിവുകളെ കുറിച്ചുള്ള വ്യക്തമായ ധാരണ രൂപപ്പെടുത്താനും കഴിയും. ശക്തമായ വ്യക്തിത്വംവഴി കള്ളത്തരം, കാപട്യം തുടങ്ങിയവകളില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ കഴിയും. പാത്തും പതുങ്ങിയും ഒളിഞ്ഞും മറച്ചുപിടിച്ചും വളച്ചു പിടിച്ചും കാര്യങ്ങള്‍ പറയാതെ തനിക്ക് പറയാനുള്ളത് നേരെ തുറന്ന് പറയുന്നത് വ്യക്തിത്വത്തിന്റെ അടയാളമാണ്. നിങ്ങള്‍ക്ക് മറ്റൊരാളുടെ പ്രവൃത്തിയില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് നല്ലരീതിയില്‍തന്നെ നമുക്ക് മറ്റുള്ളവരോട് തുറന്ന്പറയാവുന്നതാണ്. ചിലര്‍ മറ്റുള്ളവരുടെ അഭിപ്രായത്തിനൊത്ത് മാറിക്കൊണ്ടേയിരിക്കുന്നവരായിരിക്കും. സ്വയം തിരിച്ചറിവുകളും താന്‍ എന്താണെന്നും മനസ്സിലാക്കുന്ന വ്യക്തിക്ക് തന്റെ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന ധാരണ ഉണ്ടായിരിക്കണം. കൂടാതെ, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്പിന്നില്‍ പോയി ജീവിതം പലവഴിക്ക് തിരിക്കാതെ തന്റേതായ രീതിയില്‍ ഒരു വഴിയെ ലക്ഷ്യബോധത്തോടെ ജീവിക്കാം എന്ന് നിശ്ചയിക്കാനും വ്യക്തിത്വമുള്ളവര്‍ക്ക് കഴിയും. മറ്റുള്ളവര്‍ എന്ത് പറയും എന്ന് ചിന്തിക്കാതെയും അതില്‍ ഭയമോ ആശങ്കയോ പുലര്‍ത്താതെയും തനിക്ക് സന്തോഷം നല്‍കുന്നത് എന്താണോ അതിനെകുറിച്ച് ചിന്തിക്കാനും അതിനുവേണ്ടി ശ്രമിക്കാനും വ്യക്തിത്വമുള്ളവര്‍ക്ക് കഴിയും.
ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലും വ്യക്തിത്വം ഏറ്റവും പ്രധാനമാണ്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ ആത്യന്തികമായി ലക്ഷ്യംവെക്കുന്നത് നല്ല വ്യക്തി ഉണ്ടായിത്തീരുകയും അവര്‍ ചേര്‍ന്ന് നല്ല സമൂഹം ഉണ്ടായിത്തീരുകയും ചെയ്യുക എന്നതാണ്. അതിനുവേണ്ടി സ്വഭാവങ്ങളും ജീവിതരീതികളും ഇസ്‌ലാം പഠിപ്പിക്കുന്നു. വ്യക്തിത്വം നഷ്ടപ്പെടാതിരിക്കാന്‍ മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളിലും ഇടപെടുകയും നിയമങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരുമായിയുള്ള ഇടപാടുകളിലും ബന്ധങ്ങളിലും പുലര്‍ത്താനുള്ള കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുമുണ്ട്. അല്ലെങ്കിലും ഓരോ മനുഷ്യനും അവന്റേതായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് സ്രഷ്ടാവിന്റെ ത്വരയും താല്‍പര്യവും തന്നെയാണ്. അതിനു സൗകര്യപ്പെടാന്‍ വേണ്ടിയാണല്ലോ ഓരോ മനുഷ്യനെയും അല്ലാഹു ഓരോ ശക്തികളും ശേഷികളും വെവ്വേറെ തന്നെ നല്‍കി സൃഷ്ടിച്ചിരിക്കുന്നത്.

 

Chandrika Web: