X

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ നിരീക്ഷകരുണ്ട്

വെള്ളിത്തെളിച്ചം/ എ എ വഹാബ്

ഖുര്‍ആനിലെ എണ്‍പത്തിരണ്ടാം അധ്യായമായ ‘അല്‍ ഇന്‍ഫിത്വാര്‍’ അവതരണ ക്രമമനുസരിച്ച് എണ്‍പത്തി രണ്ടാമതായാണ് മക്കയില്‍ അവതരിച്ചത്. നമ്മുടെ ഭൂമിയിലും പ്രപഞ്ചത്തിലും ചെറുതും വലുതുമായ ധാരാളം വിനാശകരമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പ്രപഞ്ച ചരിത്രത്തിലെ സര്‍വനാശകാരിയായ ഭീകര സംഭവം ഇനി വരാനിരിക്കുന്നതേയുള്ളൂ. പ്രപഞ്ചത്തെ അപ്പാടെ തകര്‍ത്ത് ഇല്ലാതാക്കി കളയുന്ന അതിഭീകരമായ ആ സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ ഏറെ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഓരോ പരാമര്‍ശത്തിലും വ്യത്യസ്തവും വ്യതിരിക്തവുമായ ശൈലിയും സന്ദേശവും കൊണ്ട് മനുഷ്യ ഹൃദയത്തെ പിടിച്ചുകുലുക്കുന്നുണ്ട്. ആ ഗണത്തില്‍പെട്ട ഒരു അധ്യായമാണ് അല്‍ ഇന്‍ഫിത്വാര്‍. പത്തൊമ്പത് സൂക്തങ്ങളുള്ള ചെറിയൊരു അധ്യായം. പക്ഷേ ജീവിതത്തിന്റെ ഗഹനതകളിലേക്ക് ഏറെ ആഴത്തിലിറങ്ങി സംസ്‌കരണത്തിന് പ്രേരിപ്പിക്കുന്ന ശകാര സ്പര്‍ശവും ഭീഷണിയും പ്രശാന്തതയുമൊക്കെ അതിലടങ്ങിയിരിക്കുന്നു.

ഭൗതിക ജീവിത ലഹരിയില്‍ പരലോക ജീവിതത്തെ അലസമായി അവഗണിക്കുന്ന മാനസങ്ങളെ പിടിച്ചു കെട്ടി പ്രഹരിക്കും പോലെയാണ് അധ്യായം ആരംഭിക്കുന്നത്. ഇന്ന് മനോഹരമായി വിതാനിക്കപ്പെട്ടു കാണപ്പെടുന്ന ആകാശത്തെ ചൂണ്ടി, ഉപരിമണ്ഡലം പൊട്ടിപ്പിളരുമ്പോള്‍ താരകങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍ ആഴികള്‍ ഇളക്കി മറിക്കപ്പെടുമ്പോള്‍ കുഴിമാടങ്ങള്‍ കുത്തിതുറക്കപ്പെടുമ്പോള്‍ ഓരോ ആത്മാവും അത് ചെയ്തതും ചെയ്യാതിരുന്നതുമെല്ലാം തിരിച്ചറിയും. മനുഷ്യമനസ്സില്‍ തുളച്ചുകയറുന്ന ഒരു ചോദ്യമാണ് തുടര്‍ന്നുവരുന്നത്. ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചതെന്താണ് മനുഷ്യാ? എന്നാണ് ചോദ്യം. മാന്യതയുള്ള ആരും ചൂളിപ്പോകുന്ന ചോദ്യം. ഗുണദോഷ ഭാഷയില്‍ സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ചാലോചിക്കാന്‍ മനുഷ്യനോട് രണ്ട് വര്‍ത്തമാനം. അവനാണല്ലോ നിന്നെ സൃഷ്ടിക്കുകയും ശരിയാക്കിയെടുക്കുകയും ചെയ്തവന്‍. ഏതുവിധം അവന്‍ ഉദ്ദേശിച്ചുവോ ആ വിധം നിന്നെ വാര്‍ത്തെടുത്തവന്‍. എന്താണ് മനുഷ്യന് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പിന്നീടു വരുന്ന വാചകം.

പരലോക വിധിയുടെ നിഷേധം; അതാണ് യഥാര്‍ത്ഥ രോഗം. തീര്‍ച്ചയായും നിങ്ങളുടെ മേല്‍ നിരീക്ഷകരുണ്ട്. ആദരണീയരായ എഴുത്തുകാര്‍. നിങ്ങളുടെ ചെയ്തികളൊക്കെ കൃത്യമായി അറിയുന്നവര്‍. നാളെയുടെ വിചാരണക്കായി നിങ്ങളുടെ ചെയ്തികളെല്ലാം അവര്‍ രേഖപ്പെടുത്തിവെക്കുമെന്ന വ്യംഗമായ താക്കീതോടെയാണ് ആ വാചകം കടന്നുപോകുന്നത്. മനുഷ്യ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ഖുര്‍ആനില്‍ വേറെയും പരാമര്‍ശങ്ങളുണ്ട്. രേഖപ്പെടുത്താന്‍ തയ്യാറായി കാത്തുനില്‍ക്കുന്ന ഒരു നിരീക്ഷകന്റെ സാന്നിധ്യമില്ലാതെ മനുഷ്യന് ഒരു വാക്കുപോലും ഉച്ചരിക്കാനാവില്ല. (50:17,18). തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയ വികാരങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് (17:36) അന്ന് വിചാരണ കഴിഞ്ഞാല്‍ പുണ്യവാന്മാര്‍ സുഖസമൃദ്ധമായ ജീവിതത്തിലായിരിക്കും എന്ന് സത്യവിശ്വാസിക്ക് ശുഭവാര്‍ത്ത നല്‍കുന്നു, ഒപ്പം തന്നെ പാപികളുടെ സങ്കേതം കൊടും നരകമായിരിക്കും എന്ന താക്കീത് ആവര്‍ത്തിക്കുന്നുമുണ്ട്. വിധിദിനത്തില്‍ അവരതില്‍ കടന്നു കത്തിയെരിയേണ്ടിവരും. ഓടി മറയാന്‍ ഒരു വഴിയുമുണ്ടാവില്ല. വിധിയുടെ ദിനം എന്താണെന്ന് നിനക്കറിയുമോ? എന്ന് ആവര്‍ത്തിച്ചു ചോദിക്കുകയും ഒരാളിനും മറ്റൊരാള്‍ക്ക് വേണ്ടി യാതൊന്നും ചെയ്തു കൊടുക്കാനാവാത്ത ദിനമാണെന്നും അന്ന് സര്‍വാധികാരങ്ങളും അല്ലാഹുവിന് മാത്രമായിരിക്കും എന്ന മറുപടിയും നല്‍കിക്കൊണ്ടാണ് ഈ അധ്യായം അല്ലാഹു അവസാനിപ്പിക്കുന്നത്.

അന്ത്യദിനത്തിന്റെ കൊടുംഭീകര ദൃശ്യങ്ങളും തുടര്‍ന്നുവരുന്ന വിചാരണ സംഭവങ്ങളും ഓരോരുത്തരും നേരില്‍ കാണുന്ന പ്രതീതിയാണ് ഈ സൂറ പാരായണം ചെയ്യുമ്പോള്‍ അനുവാചകന് അനുഭവപ്പെടുക. ഇക്കാര്യത്തെക്കുറിച്ച് പ്രവാചകനില്‍ നിന്ന് ഒരു ഹദീസ് അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് അഹ്മദ്, തുര്‍മുദി തുടങ്ങിയ നിരവധി പേര്‍ നിവേദനം ചെയ്യുന്നു. റസൂല്‍ (സ) പറഞ്ഞു: അന്ത്യനാളിനെ നേരില്‍ കാണും വണ്ണം കാണാന്‍ ആഗ്രഹമുള്ളവര്‍ അത്തക്‌വീര്‍, അല്‍ ഇന്‍ഫിത്വാര്‍, അല്‍ ഇന്‍ഷിഖാഖ് എന്നീ അധ്യായങ്ങള്‍ പാരായണം ചെയ്തു കൊള്ളട്ടെ’ ആ ദിനത്തിലെ ആപത്തില്‍ പെടാതിരിക്കാന്‍ മുന്‍കരുതലെടുക്കാനാണ് ഖുര്‍ആന്‍ ഇവിടെ മനുഷ്യനെ പ്രചോദിപ്പിക്കുന്നത്. അതിനാവശ്യമായ ഏറ്റവും നല്ല മനശ്ശാസ്ത്ര പാഠമാണ് ‘തീര്‍ച്ചയായും നിങ്ങളുടെമേല്‍ ചില നിരീക്ഷകരുണ്ട്’ എന്ന യാഥാര്‍ത്ഥ്യത്തിന്റെ വെളിപ്പെടുത്തല്‍. നാം ഒരു പണി ചെയ്യുമ്പോള്‍ നമ്മെ നിരീക്ഷിക്കാന്‍ ഒരാളുണ്ടെന്ന ബോധം പണി ഭംഗിയായും കൃത്യമായും ലക്ഷ്യം വെച്ച രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ നാം ജാഗരൂഗരായിരിക്കും. മനസ്സിന്റെ പ്രകൃതം അതാണ്. നിത്യജീവിതത്തില്‍ നാമെല്ലാം അതനുഭവിക്കുന്നതാണ്. പക്ഷേ, അതിന്റെ സ്വാധീനത്തെക്കുറിച്ച് ആരും അത്ര ഗൗരവമായി ചിന്തിക്കാറില്ല. പ്രവര്‍ത്തനങ്ങളുടെ ഭൗതിക പ്രകടനം മാത്രമേ മനുഷ്യ നിരീക്ഷകര്‍ക്ക് നിരീക്ഷിക്കാനാവൂ. എന്നാലും ജാഗ്രതയുണ്ടാവും. പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ മനോവികാരങ്ങളും സൂക്ഷ്മമായി അറിയുന്ന നിരീക്ഷകരാണ് നമ്മുടെ മേലുള്ളത് എന്നറിയുമ്പോള്‍ കാര്യങ്ങളുടെ ഗൗരവമേറും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ബോധം മനുഷ്യമനസ്സില്‍ സദാ സജീവമായാല്‍ അത് ആത്മസംസ്‌കരണത്തിനും സല്‍കര്‍മ്മങ്ങള്‍ക്കും നിതാന്ത പ്രചോദനമായിരിക്കും. നമുക്ക് നന്നാവാനും ഇതാണ് മാര്‍ഗം. മനസ്സുകളെ സ്വാധീനിച്ച് നന്മയിലേക്ക് നയിക്കാനുള്ള ഖുര്‍ആന്റെ അത്ഭുതാവഹമായ കഴിവ് അതിനോട് ആത്മാര്‍ത്ഥമായി അടുക്കുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമായിക്കൊണ്ടേയിരിക്കും.

chandrika: