തിരുവനന്തപുരം: 30ന് ആരംഭിക്കുന്ന ശിവഗിരി തീര്‍ത്ഥാടന പരിപാടികളില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുറത്ത്. അതേസമയം തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന സംഘടനാ സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കാന്‍ ശിവഗിരിമഠം തീരുമാനിച്ചിട്ടുണ്ട്.
കീഴ്‌വഴക്കം അനുസരിച്ച് തീര്‍ത്ഥാടന പരിപാടികളുടെ രക്ഷാധികാരി പദവിയാണ് യോഗം ജനറല്‍ സെക്രട്ടറിക്ക് നല്‍കി വരുന്നത്. എന്നാല്‍ എസ്.എന്‍.ഡി.പി യോഗത്തെ ആര്‍.എസ്.എസ്- സംഘപരിവാര്‍ ശക്തികളുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചതിന്റെ പേരില്‍ ശിവഗിരിമഠം വെള്ളാപ്പള്ളിയെ കഴിഞ്ഞവര്‍ഷവും ഒഴിവാക്കുകയായിരുന്നു.
തീര്‍ത്ഥാടനത്തിന്റെ പ്രോഗ്രാം നോട്ടീസും മറ്റും തയാറാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ വെള്ളാപ്പള്ളിയെ പരിപാടിയില്‍ ഉള്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ സ്വാമി ഋതംഭരാനന്ദയും സ്വാമി ഗുരുപ്രസാദും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. പതിനൊന്നംഗ ബോര്‍ഡില്‍ രണ്ട് സന്യാസിമാര്‍ മാത്രമാണ് വെള്ളാപ്പള്ളിയെ തീര്‍ത്ഥാടനത്തിന് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടത്.
പുതിയ ഭരണസമിതി അധികാരമേറ്റെങ്കിലും ചുമതല ഏറ്റെടുക്കുന്നത് ഹൈക്കോടതി വിലക്കുകയും സ്വാമി പ്രകാശാനന്ദ പ്രസിഡന്റും ഋതംഭരാനന്ദ ജനറല്‍സെക്രട്ടറിയുമായ മുന്‍ ഭരണസമിതിയെ തല്‍ക്കാലം തുടരാന്‍ ഉത്തരിവിടുകയുമായിരുന്നു. അതുകൊണ്ടുതന്നെ മുന്‍ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് തീര്‍ത്ഥാടന പരിപാടികള്‍ നടക്കുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശിവഗിരിമഠത്തിനും സന്യാസി സമൂഹത്തിനുമെതിരായ നിലപാട് സ്വീകരിച്ചുവരുന്ന വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുടെ ഘടകകക്ഷി ആയതോടെ ശിവഗിരിമഠം അദ്ദേഹത്തെ പൂര്‍ണമായി തഴയുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ശിവഗിരി സന്ദര്‍ശിച്ചപ്പോഴും വെള്ളാപ്പള്ളിയെ മഠം ക്ഷണിച്ചിരുന്നില്ല. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തിയതികളിലാണ് ശിവഗിരി തീര്‍ത്ഥാടനം. 30ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ മൂന്നുദിവസത്തെ സമ്മേളനങ്ങളില്‍ പങ്കെടുക്കും. 30ന് രാത്രി ഒന്‍പതിന് ചലച്ചിത്രനടി മഞ്ജു വാര്യരാണ് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്.