X

തരൂര്‍ കടുത്ത പിന്നാക്ക വിരോധി, ഇറക്കുമതിച്ചരക്ക്, ആനമണ്ടന്‍: തരൂരിനെതിരെ പരിഹാസവുമായി വെള്ളാപ്പള്ളി നടേശന്‍

തരൂരിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ദലിത് നേതാവിന്റെ ദേശീയ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ എതിര്‍ത്ത് മല്‍സരിച്ച തരൂര്‍ കടുത്ത പിന്നാക്ക വിരോധിയാണെന്നും ശശി തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ല. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. താനടക്കം ഒരു സമുദായനേതാവിന്റെയും വാക്കുകേട്ടല്ല ഇപ്പോള്‍ വോട്ടര്‍മാര്‍ തീരുമാനമെടുക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ചങ്ങനാശേരിയില്‍ നടന്ന എന്‍.എസ്.എസ് പരിപാടിയില്‍ നേതാവ് സുകുമാരന്‍ നായര്‍ ശശി തരൂരിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുകയാണ് ശശി തരൂര്‍. കോണ്‍ഗ്രസിനെ വളര്‍ത്തി വലുതാക്കിയ നിരവധി നേതാക്കള്‍ കേരളത്തിലുണ്ട്. ഡല്‍ഹി നായരാക്കി തരൂരിനെ അകറ്റിനിര്‍ത്തിയിരുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഒറ്റദിവസം കൊണ്ട് തരൂരിനെ ചങ്ങനാശേരി നായരും തറവാടി നായരും വിശ്വപൗരനുമാക്കി.

15 വര്‍ഷത്തെ രാഷ്ട്രീയ പരിചയം മാത്രമാണ് തരൂരിനുള്ളത്. തരൂര്‍ ഇപ്പോള്‍ ഇവിടെ വന്ന് പ്രമാണിയാകുകയാണ്. തരൂര്‍ ആന മണ്ടനാണെന്ന് താന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

പിന്നാക്ക, പട്ടികവിഭാഗ വിരോധിയാണെന്നണ് തരൂരിന്റെ സംസാരത്തില്‍ നിന്ന് മനസ്സിലാകുന്നത്. രാജ്യ ഭരണം വീണ്ടും ബി.ജെ.പിക്ക് ലഭിക്കുമെന്ന തോന്നലുള്ളതുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ തിടുക്കം കാണിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

webdesk13: