കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് വെള്ളാപ്പള്ളി; കെ.പി.എ മജീദ്

കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ. മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 1985 മുതൽ 1987 വരെ മലപ്പുറം ജില്ലാ കലക്ടറായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ സയൻ ചാറ്റർജി ഐ.എ.എസ്.

ഇത്രയേറെ സ്‌നേഹവും സാഹോദര്യവുമുള്ള മറ്റൊരു ജില്ല ഇന്ത്യാ രാജ്യത്തില്ല എന്നാണ് അദ്ദേഹം മലപ്പുറം ജില്ലയിൽനിന്ന് മടങ്ങുമ്പോൾ പറഞ്ഞത്. കവി മണമ്പൂർ രാജൻ ബാബു തിരുവനന്തപുരത്തുകാരനാണ്. മലപ്പുറത്തോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചിട്ടും മലപ്പുറത്ത് സ്ഥിരതാമസമാക്കിയത്. 1976 മുതൽ അദ്ദേഹം മലപ്പുറത്തുകാരനാണ്.

” മലപ്പുറത്തിന്റെ സവിശേഷമായ സ്‌നേഹമാണ് എന്നെ മലപ്പുറത്ത് തന്നെ നിലനിർത്തിയത്. എന്റെ നാട്ടുകാർ എന്നെ തിരിച്ച് കൊണ്ടുവരാൻ യോഗം ചേർന്നിട്ട് പോലും ഞാൻ മലപ്പുറം വിടാത്തത് ഈ നാടിന്റെ സ്‌നേഹം അനുഭവിച്ച് തന്നെ ജീവിച്ച് മരിക്കാനാണ്”. ഇത് മണമ്പൂർ രാജൻ ബാബുവിന്റെ വാക്കുകളാണ്.

ഇങ്ങനെ എത്രയെത്ര ഉദ്യോഗസ്ഥർ, അധ്യാപകർ… ജോലിയിൽനിന്ന് പിരിഞ്ഞിട്ടും മലപ്പുറം വിടാൻ മടിച്ച് ഈ ജില്ലയിൽത്തന്നെ ശിഷ്ടകാലം ജീവിക്കുന്ന നൂറുകണക്കിന് പേർ. മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും നിങ്ങളെപ്പോലെ സംസാരിക്കില്ല. നിങ്ങളുടെ പ്രശ്‌നം സാമാന്യബുദ്ധിയുടേതല്ല എന്ന് മലയാളികൾക്ക് അറിയാം. ബി.ജെ.പിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ് എന്നല്ലാതെ ഈ വിഷനാവിനെക്കുറിച്ച് മറ്റൊന്നും പറയാനാകില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.

webdesk18:
whatsapp
line