ബി.ഡി.ജെ.എസ് ഇടതുപക്ഷത്തേക്കെന്ന സൂചന നല്‍കി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബി.ഡി.ജെ .എസ് എന്‍.ഡി. എ വിടാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ക്ലിഫ്ഹൗസില്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച നടന്നത്.
നിലപാടില്‍ മാറ്റം പ്രതീക്ഷിക്കാമെന്ന് കൂടിക്കാഴ്ചക്ക് ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഈ നിലയില്‍ എന്‍.ഡി.എയില്‍ തുടരുന്നതുകൊണ്ട് ഒരു ഗുണവുമില്ല. മുഖ്യമന്ത്രിയെ കണ്ടതിന്റെ ലക്ഷ്യങ്ങള്‍ എല്ലാം മാധ്യമങ്ങളോട് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി ഒരുകാലത്തും അധികാരത്തില്‍ വരാന്‍ പോകുന്നില്ല. കേരളത്തില്‍ ഭരണം കിട്ടില്ലെന്ന് ബി.ജെ.പിക്കും അറിയാം. അതിനാല്‍ ആരും കൂടെ വേണ്ടെന്നാണ് അവരുടെ നിലപാട്. നേതാക്കള്‍ക്ക് കച്ചവടം നടത്തുന്നതിനാണ് കേരളത്തില്‍ ബി.ജെ.പി. അറിയേണ്ട സമയത്ത് ബി.ഡി.ജെ.എസ് അതു മനസ്സിലാക്കും. അറിയാത്ത പിള്ള ചൊറിയുമ്പം അറിയുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഇടതുമുന്നണിയും യു.ഡി.എഫും ഇടം നല്‍കാത്തതുകൊണ്ടാണ് ബി.ഡി.ജെ.എസ് എന്‍.ഡി.എയിലേക്ക് പോയത്. പിണറായി വിജയന്‍ അടുത്തതവണയും അധികാരത്തിലെത്തും. പിണറായി ഇഷ്ടമുള്ള നേതാവാണ്. തമ്മില്‍ തര്‍ക്കമുണ്ടായിട്ടില്ല. താന്‍ ഉള്ളുകൊണ്ട് ഇടതുപക്ഷത്താണ്. കേരളത്തില്‍ എന്‍.ഡി.എ ഘടകമുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.