X

വെള്ളാപ്പള്ളിയുടെ കോളേജില്‍ മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്ക് ജുമുഅ നിസ്‌ക്കാരത്തിന് വിലക്ക്; കോളേജില്‍ നിസ്‌ക്കരിച്ചാല്‍ മതിയെന്ന് അധികൃതരുടെ നിര്‍ബന്ധം

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോളേജില്‍ മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്ക് ജുമുഅ നിസ്‌ക്കാരത്തിന് വിലക്കുള്ളതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് വിദ്യാര്‍ഥികളെ വിടുന്നില്ലെന്നും കോളേജില്‍ തന്നെ നമസ്‌കരിച്ചാല്‍ മതിയെന്നുമാണ് അധികൃതര്‍ നിര്‍ബന്ധം പിടിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ഇതുകൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തോതിലുള്ള വിലക്കുകളും കോളേജില്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

കോളേജിലെ ഫീസ് വര്‍ധന ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ഇരുട്ടുമുറിയിലിട്ട് അധികൃതര്‍ മര്‍ദിക്കുന്നു എന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മറ്റു കോളേജുകളില്‍ രാവിലെ 9.30 മുതല്‍ 3.30 വരെ ക്ലാസുകള്‍ നടക്കുമ്പോള്‍ ഇവിടെ പുലര്‍ച്ചെ 6.30 മുതല്‍ 8.30 വരെയാണ് ക്ലാസുകള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി മറ്റ് കലാകായിക പരിപാടികളോ മറ്റ് പ്രവര്‍ത്തനങ്ങളോ കോളേജില്‍ ഇല്ല. വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഇക്കാര്യത്തില്‍ പ്രതികരിച്ച രണ്ടു അധ്യാപകരെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു.

ആലപ്പുഴയിലെ എസ്എഫ്‌ഐ ജില്ലാ നേതൃത്വമാണ് വെള്ളാപ്പള്ളിയുടെ കോളേജിനെതിരെയുളള ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനായി എല്ലാസഹായവും ചെയ്തു കൊടുക്കുന്നത് ബിഡിജെഎസ് നേതാവും കോളേജ് സെക്രട്ടറിയുമായ സുഭാഷ് വാസുവും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഓച്ചിറ വാസുവാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നു.

Web Desk: