കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് 11 സീറ്റുകള്‍ കിട്ടുമെന്നത് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വ്യാമോഹം മാത്രമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോകസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക് 11സീറ്റ് കിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കും. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കാനുള്ള കഴിവ് ബി.ഡി.ജെ.എസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോല്‍പിക്കാനുമുള്ള ശേഷിയുണ്ട്. അത് ചെങ്ങന്നൂരില്‍ കണ്ടതാണ്. സജി ചെറിയാന്റെ ഭൂരിപക്ഷം അതാണ് തെളിയിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുത്ത പി.എസ് ശ്രീധരന്‍പിള്ളയുടെ സ്വീകരണ യോഗത്തില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കാത്തത് ശരിയായ നടപടിയല്ല.
കേരള ബി.ജെ.പിയില്‍ കടുത്ത വിഭാഗീയതയാണ്. ഇത് അവസാനിപ്പിക്കാന്‍ ശ്രീധരന്‍പിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ല. ദേശീയ അധ്യക്ഷന്‍ പരിഹരിക്കാന്‍ നോക്കിയിട്ട് പോലും നടക്കാത്ത കാര്യമാണതെന്നും അദ്ദേഹം പരിഹസിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് നിയന്ത്രണവേധയമായ സ്വാതന്ത്ര്യമാണ്. മീശയുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്്‌നം; മാതൃഭൂമിയെ പോലുള്ള ഒരു പത്രം മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു. ബിസിനസ് ആണെങ്കിലും ലാഭമോ നഷ്ടമോ മാത്രം നോക്കിയല്ല മാതൃഭൂമിയെ പോലുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ടാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.