ആലപ്പുഴ: ജുമുഅ നമസ്‌കാരം ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തില്‍ കൈകടത്തില്ലെന്നും ഓരോ വിദ്യാര്‍ത്ഥിക്കും അവന്റെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കോളജില്‍ ഉറപ്പാക്കുമെന്നും എം.എസ്.എഫിന് കായംകുളം കട്ടച്ചിറ വെള്ളാപ്പള്ള നടേശന്‍ കോളജ് ഓഫ് എഞ്ചിനിയറിങ് അധികൃതര്‍ ഉറപ്പ് നല്‍കി. എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് ശേഷം സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തില്‍ കോളജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
അടുത്തയാഴ്ച മുതല്‍ വിദ്യാര്‍ത്ഥികളെ ജുമുഅ നമസ്‌കാരത്തിന് നിയന്ത്രണങ്ങളില്ലാതെ അയക്കാമെന്നും അതിനായി വാഹനം ഏര്‍പ്പാട് ചെയ്യുന്നത് സംബന്ധിച്ച് മാനേജ്‌മെന്റുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡോ. എച്ച്. ഗണേഷ് ഉറപ്പ് നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എം. സൈഫുദ്ദീന്‍ കുഞ്ഞ്, കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് ജെ. മുഹമ്മദ് കുഞ്ഞ്, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. ബിജു, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍, ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ചര്‍ച്ചക്ക് മുമ്പായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ അധ്യക്ഷത വഹിച്ചു.