എ.കെ സുരേന്ദ്രന്‍
അങ്കമാലി
ഏറെ ഇഷ്ടമാണെങ്കിലും തങ്ങള്‍ കുടുംബത്തിലെ ആരെയും നേരില്‍ കണ്ടിട്ടില്ല എന്‍.വി വേലായുധന്‍. ഇന്നലെ പ്രത്യേക നിയോഗത്തിലൂടെ അദ്ദേഹം ഹൈദരലി തങ്ങളെ തൊടാതെ തൊട്ടറിഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരത്തില്‍ പുതപ്പിച്ച മുസ്‌ലിംലീഗ് പതാകയില്‍ പാര്‍ട്ടി ചിഹ്നം തുന്നിച്ചേര്‍ക്കാനുള്ള നിയോഗം അങ്കമാലി എല്‍എഫ് ആശുപത്രിക്ക് സമീപം കാഞ്ചന സ്റ്റോര്‍ നടത്തുന്ന എന്‍.വി വേലായുധനായിരുന്നു.
തങ്ങള്‍ കുടുംബത്തോടുള്ള തന്റെ ഇഷ്ടമായിരിക്കാം ഈ നിയോഗത്തിന് പിന്നിലെന്ന് വേലായുധന്‍ വിശ്വസിക്കുന്നു. നാലുദിവസം മുമ്പ് അദ്ദേഹത്തിന്റെ കൂടെ ആശുപത്രിയില്‍ നില്‍ക്കുന്ന വ്യക്തിയില്‍ നിന്നാണ് തങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അറിയുന്നത്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തോടുള്ള ഇഷ്ടം കാരണം രോഗം ഭേദമാവാന്‍ മനസുകൊണ്ട് പ്രാര്‍ഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന് രോഗം ഗുരുതരമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ ദുഃഖം തോന്നി-വേലായുധന്‍ പറയുന്നു. ഞായറാഴ്ചയായതിനാല്‍ നഗരത്തിലെ തയ്യല്‍ കടകളൊന്നും ഇന്നലെ തുറന്നിരുന്നില്ല. ഭൗതികശരീരത്തില്‍ പുതപ്പിക്കാനുള്ള പാര്‍ട്ടി പതാക തയ്യാറാക്കാനായി അന്വേഷിച്ചുനടന്ന യൂത്ത്‌ലീഗ് ആലുവ മണ്ഡലം പ്രസിഡന്റ് സജീവ് അരീക്കല്‍ ചെങ്ങമനാടിനോട് അത് താന്‍ ശരിയാക്കിത്തരാമെന്ന് വേലായുധന്‍ പറയുകയായിരുന്നു. ഇന്നുവരെ ഇത്തരം ജോലികള്‍ ചെയ്തിട്ടില്ലെങ്കിലും തങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ആ കര്‍മം താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് വേലായുധന്‍ പറഞ്ഞു. നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ലീഗ് പതാകയിലൂടെ പ്രിയപ്പെട്ട തങ്ങളെ സ്പര്‍ശിക്കാനായതിന്റെ ആത്മനിര്‍വൃതിയിലാണ് വേലായുധന്‍.