X

തീ പിടുത്തത്തില്‍ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ കത്തി നശിച്ചു; തീയിട്ടതാണോ എന്ന് സംശയം

കണ്ണൂര്‍ വളപട്ടണം പൊലീസ് സ്റ്റേഷന് പരിസരത്ത് തീപിടുത്തം. സംഭവത്തില്‍ മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് സംഭവം. പൊലീസ് സ്റ്റേഷനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തി നശിച്ചത്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് തീ പിടിച്ചത്.

വാഹനങ്ങള്‍ക്ക് ആരോ തീ കൊളുത്തിയത് ആണെന്ന സംശയവും പൊലീസിനുണ്ട്. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീം തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തി ബഹളം വെച്ചിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ബഹളം വയ്ക്കുകയും ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇയാളുടെ കൂട്ടാളികള്‍ ഇതിന് പ്രതികാരമായി ചെയ്തതാകാം എന്ന് പൊലീസ് സംശയിക്കുന്നു. കത്തിയ വാഹനങ്ങളില്‍ ഒന്ന് ഇയാളുടേതാണ്.

തളിപ്പറമ്പ് നിന്നും അഗ്‌നിശമനാസേന എത്തിയാണ് തീ അണച്ചത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

webdesk11: