ഇടുക്കി: കട്ടപ്പനയില്‍ വീണ്ടും പോലീസിന്റെ ക്രൂര മര്‍ദനം. കസ്റ്റഡിയില്‍ വെച്ചുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു ക്രൂര മര്‍ദനം അരങ്ങേറിയത്. വാഹന പരിശോധനക്കിടെ കൈ കാണിച്ചപ്പോള്‍ അല്‍പം മാറ്റിയാണ് വാഹനം ഒതുക്കി നിര്‍ത്തിയത് എന്ന കാരണത്താലായിരുന്നു ക്രൂരമായി മര്‍ദിച്ചത്.
അടിമാലി തോക്കുപാറ സ്വദേശി സണ്ണി തോമസിനെയാണ് കട്ടപ്പന എസ്.ഐയുടെ നേതൃത്വത്തില്‍ ലോക്കപ്പില്‍ വച്ച് മൃഗീയമായി മര്‍ദിച്ചത്. കൈ കാണിച്ചിട്ട് അല്‍പം മാറ്റിയാണ് വാഹനം നിര്‍ത്തിയത് എന്നാരാപിച്ചായിരുന്നു ക്രൂരമര്‍ദനം. മക്കളുമായി വാഹനത്തില്‍ പോകുമ്പോഴായിരുന്നു പൊലീസ് കൈ കാണിച്ചത്. 6, 8, 9 വയസ് പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ലോക്കപ്പില്‍ മര്‍ദനം. കുട്ടികള്‍ നിലവിളിച്ചെങ്കിലും എസ്.ഐയുടെ നേതൃത്വത്തില്‍ മര്‍ദനം തുടരുകയായിരുന്നു.