ഇന്‍ഷൂറന്‍സ് തുക അടച്ചില്ലെന്ന് കാരണം പറഞ്ഞ് വാഹനഉടമകളില്‍നിന്ന് അമിതമായി പിഴ ഈടാക്കുന്നതായി പരാതി. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ വാഹനഉടമകള്‍. കഴിഞ്ഞദിവസം പാലക്കാട്- മണ്ണാര്ക്കാട്‌റോഡില്‍ പൊട്ടിപ്പൊളിഞ്ഞിട്ടും പ്രയാസപ്പെട്ട് യാത്ര ചെയ്തിരുന്ന വാഹനഉടമകളോടാണ് പിഴ ഈടാക്കിയത്. ഇന്‍ഷൂറന്‍സ് നിലവിലില്ലെന്ന് പറഞ്ഞ് ഇരുചക്രവാഹനക്കാരനില്‍നിന്ന് 2000 രൂപയാണ് പിഴയായി ഈടാക്കിയത്. ലോറികള്‍ മുതലായ ചരക്കുവാഹനങ്ങളെ പിഴ വാങ്ങാതെ കൈക്കൂലിവാങ്ങി വിട്ടയക്കുന്നതായും പരാതിയുണ്ട്. പൊലീസുകാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെയും നികുതിക്കാനുപാതികമായി പാതകള്‍ നന്നാക്കാത്തതിനെതിരെയുമാണ് കോടതിയെസമീപിക്കുകയെന്ന് പൊതുപ്രവര്‍ത്തകനായബോബന്‍ മാട്ടുമന്ത ചന്ദ്രികയോട് പറഞ്ഞു.
നിയമപ്രകാരംഇന്‍ഷൂറന്‍സ് നിലവിലില്ലെങ്കില്‍വാഹനം പിടിച്ചുവെക്കുകയും ഇന്‍ഷൂറന്‍സ് അടച്ചശേഷം വാഹനം വിട്ടുകൊടുക്കുകയുമാണ് വേണ്ടതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ.പ്രേം നാഥ് പറഞ്ഞു.
ബോബന്‍ മാട്ടുമന്തയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍നിന്ന്:
പാലക്കാട് – മണ്ണാര്‍ക്കാട് റോഡ് പൊളിഞ്ഞും പൊടിപാറി കിടപ്പാണെങ്കിലും മണ്ണാര്‍ക്കാട് ഹൈവേ പോലിസ് വക പിടിച്ചു പറിക്ക് മുടക്കമില്ല. മുണ്ടൂര്‍ വേലിക്കാടായിരുന്നു. ഇന്നലത്തെ പിരിവ്. പാണ്ടി ലോറികളുമാണ് പ്രധാന ലക്ഷ്യം. ഇടവേളകളില്‍ ടൂ വിലര്‍ യാത്രികരും..
രണ്ടു പോലീസുകാരെ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിട്ടുണ്ട്.ഏമാന്‍ വണ്ടിക്കുള്ളിലിരിപ്പാണ്. പോലീസുകാരന്‍ വണ്ടി തടഞ്ഞു.ഏമാനെ കാണാനാവശ്യപ്പെട്ടു. ഏമാന്‍ വണ്ടി നമ്പര്‍ ചോദിച്ചു . നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞിരിക്കുന്നു. അദ്ധേഹം കുറ്റവാളിയെന്ന പോലെ എന്നെ നോക്കി.. സാറെ … സാറെ … സാറെ വിളികളും വിധേയത്വവുമാണ് ഏമാന്‍ പ്രതീക്ഷിച്ചത്. എന്നില്‍ നിന്നതുണ്ടായില്ല. പൗരബോധത്താല്‍ ഞാന്‍ നിശ്ചലനായി അദ്ധേഹത്തെ നോക്കി നിന്നു.ഏമാനെത്തേടി ഒരു മിനിലോറി ഡ്രൈവര്‍ എത്തി. അതിവിധേയത്വത്തോടെ സാറെ എന്ന് നീട്ടി വിളിച്ച് അദ്ധേഹം പതുങ്ങി നിന്നു. ഏമാന്‍ എന്റെ ലൈസന്‍സും ഫോണ്‍ നമ്പറും വാങ്ങി 2000 രൂപ പിഴ രസീതി നല്കി ഖജനാവിലേക്ക് വരവ് വച്ചു.
ലോറിക്കാരന്റെ ഊഴമായിരുന്നു അടുത്തത്. അന്യസംസ്ഥാന ലോറിക്കാരാണ് പ്രധാന ഇര. നിയമ ലംഘനം ഉണ്ടെങ്കിലും ഇല്ലെങ്കിലും പതിവു തെറ്റിക്കുത് എന്നാണ് ചട്ടം.നിയമ ലംഘനങ്ങളുടെ ടോറസ്. ലോറി ,കട്ടി പുക തുപ്പുന്ന റൂട്ട് ബസ് ‘ എന്നിവ തടസ്സമില്ലാതെ പോവുന്നുണ്ടായിരുന്നു. അവരെ തടസ്സപ്പെടുത്തുന്നതെങ്ങനെ? സ്വകാര്യ ഖജനാവിന് മുതല്‍കൂട്ടല്ലെ ? റോഡ് ടാക്‌സ് അടച്ച് പൊട്ടിപൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന യാത്രികന്റെ ദുരിതം കാണാനും പരിശോധിക്കാനും പിഴയിടാക്കാനും നിയമം ഉണ്ടാവണം.