X

ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി 18 കാരന്‍

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി യുവാവ്. തന്നെ മനഃപൂര്‍വം പരാജയപ്പെടുത്തിയെന്ന് ആരോപിച്ചാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിനെ ആക്രമിക്കാന്‍ 18കാരന്‍ ക്വട്ടേഷന്‍ കൊടുത്തത്. 18കാരനെതിരെ എറണാകുളം ആര്‍ടി ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ടി കിഷോര്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കി.

ഗ്രൗണ്ട് ടെസ്റ്റില്‍ വിജയിച്ചെങ്കിലും യുവാവ് റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടു. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സിന് വേണ്ടിയുള്ള ടെസ്റ്റിനാണ് യുവാവ് എത്തിയത്. യുവാവ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കിഷോര്‍കുമാര്‍ സിവില്‍ സ്‌റ്റേഷനിലെ ലിഫ്റ്റിലേക്ക് കയറുന്നതിനിടെ ക്വട്ടേഷന്‍ സംഘം ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഘം തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് കിഷോര്‍കുമാര്‍ പറഞ്ഞു.

റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ യുവാവിനോട് വീണ്ടും ടെസ്റ്റിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തി. അപ്പോള്‍ തന്നെ യുവാവ് കാണിച്ചു തരാം എന്ന് പറഞ്ഞ് വെല്ലുവിളിച്ചുകൊണ്ടാണ് പോയതെന്നും കിഷോര്‍കുമാര്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

Test User: